കോഴിക്കോട്:കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന.കൊലപാതകം നടത്താന്‍ സയനൈഡിന് പുറമേ മറ്റു ചില വിഷ പദാര്‍ഥങ്ങള്‍കൂടി ഉപയോഗിച്ചതായി ജോളി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. ജോളിയുടെ ഫോൺ വിശദാംശങ്ങളുൾപ്പടെ ശേഖരിച്ച പൊലീസ് 11 പേരെ നിരീക്ഷിച്ചുവരികയാണ്.ആദ്യ ഭർത്താവ് ഒഴികെയുള്ള മറ്റ് അഞ്ചു പേരുടെ കൊലപാതകത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ കൂടി പുറത്തു കൊണ്ടുവരാനാണ് പോലീസിന്റെ ശ്രമം. ഇത് സംബന്ധിച്ച് അറസ്റ്റിലായ ജോളിയിൽ നിന്ന് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു തവണ മാത്രമാണ് സയനൈഡ് കൈമാറിയതെന്ന് അറസ്റ്റിലായ സ്വർണ്ണപ്പണിക്കാരൻ പ്രജികുമാർ മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സയനൈഡ് അല്ലാതെ മറ്റ് ചില വിഷ വസ്തുക്കളും കൊലപാതകത്തിന് ജോളി ഉപയോഗിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ട അന്വേഷണസംഘം, ഇത് എങ്ങനെ ലഭ്യമാക്കി, ആരൊക്കെ സഹായിച്ചു എന്നതുൾപ്പടെയുള കാര്യങ്ങളാണ് പരിശോധിച്ച് വരുന്നത്.ജോളിയുടെ ഫോൺ രേഖയുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് വരുംദിവസങ്ങളിൽ ഇതിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം.