ചെന്നൈ:തമിഴ്‌നാട്ടിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച് ആറ് തൊഴിലാളികള്‍ മരിച്ചു.കാഞ്ചിപുരം ജില്ലയിലെ നെമിലിയിലെ സ്വകാര്യ അപ്പാര്‍ട്‌മെന്റിലാണ് സംഭവം.മരിച്ചവരില്‍ മൂന്ന് പേര്‍ ഒരേ കുടുംബത്തിലുള്ളവരാണ്.സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനുള്ള ശ്രമത്തിനിടയില്‍ കൃഷ്ണമൂര്‍ത്തിയെന്നയാളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സ്വയരക്ഷയ്ക്കായുള്ള കൃഷ്ണമൂര്‍ത്തിയുടെ നിലവിളി കേട്ടാണ് 30കാരനായ മകന്‍ കണ്ണന്‍ സംഭവസ്ഥലത്തേക്ക് എത്തിയത്. എന്നാല്‍, പിതാവിനെ രക്ഷപ്പെടുത്താന്‍ കഴിയാതെ കണ്ണന്‍ തല കറങ്ങി വീണു. 20 വയസുകാരനായ ഇളയമകന്‍ കാര്‍ത്തിക് ഇരുവരെയും രക്ഷിക്കാനായി സ്ഥലത്ത് എത്തിയെങ്കിലും വിഷശ്വാസം ശ്വസിച്ച് കാര്‍ത്തികും തല കറങ്ങി വീഴുകയായിരുന്നു.മറ്റുമൂന്നുപേരും സെപ്റ്റിക് ടാങ്കിലിറങ്ങി വൃത്തിയാക്കുകയായിരുന്നു. അതേസമയം, യാതൊരു സുരക്ഷാമാര്‍ഗങ്ങളും ഒരുക്കാതെയാണ് സ്വകാര്യ അപ്പാര്‍ട്മെന്‍റ് തൊഴിലാളികളെ ജോലിക്ക് വിളിച്ചത്.ജാതിവ്യവസ്ഥ വളരെ ശക്തമായ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ ദളിത് സമുദായങ്ങളില്‍പ്പെട്ടവരെക്കൊണ്ടാണ് ഇത്തരം ജോലികള്‍ ചെയ്യിക്കുന്നത്. മനുഷ്യരെ ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കരുതെന്ന നിയമം നിലനിൽക്കെ തൊഴിലാളികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് ശുചീകരണം നടത്തിച്ചതില്‍ വന്‍പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്.