Kerala, News

എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷയും പരിഗണിക്കും

keralanews sivasankar to be produced in the court todat bail application will consider today

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.ശിവശങ്കറിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.നേരത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഹാജരാക്കിയ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒരു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടിരുന്നു.ഈ കസ്റ്റഡി ഇന്ന് അവസാനിക്കും. കഴിഞ്ഞ മാസം 28 ന് അറസ്റ്റിലായ ശിവശങ്കറിനെ 30 ന് കോടതിയില്‍ ഹാജരാക്കിയ എന്‍ഫോഴ്‌മെന്റ് ഒരാഴ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനു ശേഷം ഈ മാസം അഞ്ചിന് ഹാജരാക്കിയ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം ആറു ദിവസത്തേക്കു കൂടി കസ്റ്റഡി അനുവദിക്കുകയായിരുന്നു. ഈ കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്തതില്‍ നിന്നും ശിവശങ്കറുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കൂടുതല്‍ വിവരം ലഭ്യമായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ശിവശങ്കറിനെ കുടുതല്‍ ചോദ്യം ചെയ്യലിനു വിധേയമാക്കേണ്ടത് ആവശ്യമാണെന്നും എന്‍ഫോഴ്‌സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ 13 ദിവസത്തെ കസ്റ്റഡിക്കു ശേഷം വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിടുന്നതിനെ ശിവശങ്കറിന്റെ അഭിഭാഷകന്‍ ശക്തമായി കോടതിയില്‍ എതിര്‍ത്തു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം പരിഗണിച്ച്‌ ഒരു ദിവസം കൂടി കസ്റ്റഡി അനുവദിക്കുകയായിരുന്നു.ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ തന്നെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

Previous ArticleNext Article