കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. രാവിലെ ആറരമുതലാണ് സിസ്റ്റര്‍ ലൂസിയെ വയനാട്ടിലെ മഠത്തില്‍ പൂട്ടിയിട്ടത്. പള്ളിയില്‍ കുര്‍ബാനയ്ക്ക് പോവാനായി ഇറങ്ങിയപ്പോഴാണ് വാതില്‍ പൂട്ടിയതായി കണ്ടത്. ഒടുവില്‍ സിസ്റ്റര്‍ വെള്ളമുണ്ട പോലിസ് സ്‌റ്റേഷനില്‍ വിളിച്ചു. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയാണ് വാതില്‍ തുറപ്പിച്ചത്. മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോവുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് സിസ്റ്റര്‍ ലൂസി ആരോപിച്ചു. സംഭവത്തില്‍ കേസെടുക്കുമെന്ന് വെള്ളമുണ്ട പോലിസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സിസ്റ്റര്‍ ലൂസിയെ മഠത്തില്‍നിന്ന് പുറത്താക്കിയെന്ന് കാണിച്ച് അധികൃതര്‍ ഔദ്യോഗികമായി കത്ത് നല്‍കിയത്.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് ശക്തമായ പിന്തുണ നൽകിയതിന്റെ പേരിലാണ് സിസ്റ്ററിനെ സഭയിൽ നിന്ന് പുറത്താക്കിയത്.മെയ് 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം.