തിരുവനന്തപുരം:സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും കോടതിയില്‍ എത്തിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് പ്രതികളെ എത്തിച്ചത്.ശിക്ഷാവിധി ഇന്നുണ്ടാവും.പതിനൊന്ന് മണിക്ക് ശിക്ഷയിന്മേല്‍ വാദം തുടങ്ങും.അഭയകൊലക്കേസില്‍ ഫാദര്‍ തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന വിധി ഇന്നലെയാണ് കോടതി പുറപ്പെടുവിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം നടത്താനെന്ന ലക്ഷ്യത്തോടെ അതിക്രമിച്ച് കയറിയെന്ന കുറ്റം ഫാ. തോമസ് എം കോട്ടൂരിനെതിരെ മാത്രമാണ് തെളിഞ്ഞത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പരാമവധി ശിക്ഷ പ്രതികള്‍ക്ക് വിധിക്കണമെന്നാകും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുക.പ്രായവും അസുഖങ്ങളും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നാകും പ്രതിഭാഗം ആവശ്യപ്പെടുക. ഇരുവാദങ്ങളും പരിശോധിച്ചാകും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ. സനില്‍ കുമാര്‍ ശിക്ഷ വിധിക്കുക. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബിഐ കൊലപാതകമെന്ന് കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്ബാരംഭിച്ച വിചാരണ നടപടികള്‍ ഈ മാസം 10ന് അവസാനിച്ച ശേഷമാണ് വിധി പറയാനായി മാറ്റിയത്. അതുകൊണ്ടു തന്നെ ഇന്നത്തെ വിധി നിര്‍ണ്ണായകമാണ്. 16 വര്‍ഷത്തെ സിബിഐ അന്വേഷണ കണ്ടെത്തലുകള്‍ അംഗീകരിച്ച കോടതി വിധി പ്രസ്ഥാവനത്തിലും അഭയയ്ക്ക് നീതി നല്‍കുമെന്നാണ് പ്രതീക്ഷ.