Kerala, News

സിസ്റ്റര്‍ അഭയ കൊലക്കേസ്; ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവ് ശിക്ഷ

keralanews sister abhaya murder case fr thomas kottur and sister sefi sentenced to life imprisonment

തിരുവനന്തപുരം:സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവർക്ക് ജീവപര്യന്തം തടവ്‌ശിക്ഷ. പ്രതികള്‍ 5 ലക്ഷം വീതം പിഴ നല്‍കാനും സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിട്ടു.28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ച്‌ കടക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൊലക്കുറ്റം തെളിഞ്ഞെന്നും ഫാദര്‍ തോമസ് കോട്ടൂര്‍ മഠത്തില്‍ അതിക്രമിച്ച്‌ കയറി കുറ്റകൃത്യം ചെയ്തുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കാന്‍സര്‍ ബാധിതനാണെന്നും പ്രായം പരിഗണിച്ച്‌ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നും തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിക്ക് വ്യക്ക, പ്രമേഹരോഗങ്ങളുണ്ടെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ത്രോംബോസിസ് എന്ന അസുഖമുണ്ട്. ഇതുകാരണം എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ട്. കുറഞ്ഞ ശിക്ഷ നല്‍കണം രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണ്. അതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്നും സെഫി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Previous ArticleNext Article