India, News

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

keralanews singer s p balasubrahmanyam passes away

പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍വച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.സെപ്റ്റംബര്‍ എട്ടിന് അദ്ദേഹം കൊവിഡ് രോഗമുക്തി നേടി. എന്നാല്‍, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാല്‍ വെന്റിലേറ്റര്‍ നീക്കിയിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബര്‍ 19ന് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കി മകന്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് എസ്പിബിയുടെ ആരോഗ്യനില വീണ്ടും മോശമായത്.തുടര്‍ന്ന് ഇന്ന് രാവിലെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു. സഹോദരി എസ്.പി ഷൈലജ ഉള്‍പ്പടെയുളളവര്‍ അന്ത്യസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. എസ്.പി.ബിയുടെ ആരോഗ്യ നില വഷളായതറിഞ്ഞ് പല ഭാഗങ്ങളില്‍ നിന്നായി ആശുപത്രിയുടെ മുന്നിലേക്ക് വന്‍ ജനക്കൂട്ടമാണ് എത്തിയത്. അധികമായി പൊലീസിനെ വിന്യസിച്ചാണ് ജനക്കൂട്ടത്തെ അധികൃതര്‍ നിയന്ത്രിച്ചത്.കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇന്ത്യന്‍ സിനിമ ലോകം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുളള പ്രാര്‍ത്ഥനകളിലായിരുന്നു. കമല്‍ഹാസന്‍ ഉള്‍പ്പടെയുളളവര്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

Previous ArticleNext Article