ബംഗളൂരു: കോവിഡ് വ്യാപനം കൂടുന്ന പശ്‌ചാത്തലത്തിൽ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയാണ് തീരുമാനം അറിയിച്ചത്. കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന പത്തു സംസ്ഥാനങ്ങളിലൊന്ന് കര്‍ണാടകയാണ്. ഞായറാഴ്ച മാത്രം 34,804 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ബംഗളൂരുവില്‍ മാത്രം 20,733 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം കോവിഡ് ബാധിച്ച് 143 പേരാണ് മരിച്ചത്. വാരാന്ത്യങ്ങളില്‍ കണ്ടിട്ടുള്ളതുപോലെ കര്‍ഫ്യൂ നിലവിലുണ്ടാകുമെന്നും പൊതുഗതാഗതം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നാളെ രാത്രി ഒന്‍പതു മുതല്‍ മെയ് ഒന്‍പതു വരെയായിരിക്കും നിയന്ത്രണങ്ങള്‍.14 ദിവസത്തേക്ക് തുടരുന്ന നിയന്ത്രണങ്ങള്‍ക്കിടെ, രാവിലെ ആറു മുതല്‍ പത്തുവരെ ആവശ്യ വസ്തുക്കള്‍ വാങ്ങാന്‍ ഇളവുണ്ടാകും. വസ്ത്ര, നിര്‍മാണ, കാര്‍ഷികമേഖലകള്‍ ഒഴികെയുള്ള ഉത്പാദന മേഖലകള്‍ തുറന്നുപ്രവര്‍ത്തിക്കും. നിലവിലുള്ള പോലെ ഹോട്ടലുകളില്‍ പാര്‍സല്‍ അനുവദിക്കും. യാത്ര ചെയ്യുന്നതിനോ അന്തര്‍ സംസ്ഥാന യാത്രക്കോ തടസമില്ലെങ്കിലും കര്‍ശന പരിശോധനയുണ്ടാകും. ബംഗളൂരുവില്‍ എത്തുന്നവരെ ഉള്‍പ്പെടെ പരിശോധിക്കും. മെട്രോ ട്രെയിന്‍, ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കര്‍ഫ്യൂ സംബന്ധിച്ച വിശദമായ ഉത്തരവ് വൈകാതെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് രോഗബാധ എറ്റവും രൂക്ഷമായ ബെംഗളൂരുവിലായിരിക്കും ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഫലത്തില്‍ കര്‍ഫ്യൂ ആണെന്ന് പറയുന്നുണ്ടെങ്കിലും കര്‍ശന നിയന്ത്രണം ലോക്ഡൗണിന് സമാനമാണ്. ബംഗളൂരുവിലും മറ്റു രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലും ആശുപത്രികളില്‍ കിടക്കകള്‍ ഒഴിവില്ലാത്തതും ഓക്സിജന്റെ ക്ഷാമവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിര്‍ണായകമായി. 14 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ചത്തെ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്ത് 14 ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അന്തിമ തീരുമാനമെടുത്തത്. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ സൗജന്യമായി നല്‍കാനും ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി.