കണ്ണൂർ: ശുഹൈബ് വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഉച്ചയ്ക്ക് ശേഷം നടക്കും. കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരി, റിജിൻരാജ് എന്നിവർ റിമാൻഡിൽ കഴിയുന്ന കണ്ണൂർ സ്പെഷൽ സബ് ജയിലിലാണ് പരേഡ് നടക്കുക. ശുഹൈബിനൊപ്പം വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, റിയാസ് എന്നിവരാണ് പ്രതികളെ തിരിച്ചറിയേണ്ടത്.ശുഹൈബിനെ വെട്ടിയ സംഘത്തിൽ ആകാശ് തില്ലങ്കേരി ഇല്ലെന്ന് പരിക്കേറ്റവർ പറഞ്ഞിരുന്നു. ഇതോടെ ഇന്ന് നടക്കുന്ന പ്രതികളുടെ തിരിച്ചറിയൽ പരേഡ് നിർണായകമാണ്. ആകാശ് തില്ലങ്കേരിയേയും റിജിൻ രാജിനെയും തിരിച്ചറിയുകയും അക്രമി സംഘത്തിൽ ഇരുവരും ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികളായ നൗഷാദും റിയാസും മൊഴി നൽകിയാൽ അറസ്റ്റിലായവർ ഡമ്മി പ്രതികളാണെന്നും യഥാർഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് കെ.സുധാകരൻ നടത്തുന്ന സമരത്തിന്റെ വീര്യം കുറയും.ആകാശിനെയും റിജിൻ രാജിനെയും ദൃക്സാക്ഷികൾ തിരിച്ചറിയുന്നില്ലെങ്കിൽ കേസ് ദുർബലമാവുകയും പോലീസ് കുറ്റപത്രം സമർപ്പിച്ചാലും വിചാരണ വേളയിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിതുറക്കുന്ന നടപടിയായി അത് മാറുകയും ചെയ്യും.