
കണ്ണൂർ:ശുഹൈബ് വധക്കേസിൽ നിർണായക വഴിത്തിരിവ്.കൊലയാളികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി.അരോളി പാലോട്ടുകാവിനു സമീപം യു. പ്രശോഭിന്‍റെ ഉടമസ്ഥതയിലുള്ള വെളുത്ത വാഗണ്‍ ആർ കാറാണു പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ചത്.ശനിയാഴ്ച പോലീസ് പിടിയിലായ അഖിലാണു കാർ വാടകയ്ക്കെടുത്തത്.കൊല നടത്തിയ ശേഷം കാർ 14നു തിരികെ നൽകുകയും ചെയ്തു.വാഗൺആർ കാറിലെത്തിയ പ്രതികളാണ് ബോംബെറിഞ്ഞ ശേഷം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് ശുഹൈബിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വ്യക്തമാക്കിയിരുന്നു.ശുഹൈബ് വധക്കേസിൽ അഞ്ചുപ്രതികളെ കൂടി അറസ്റ്റ് ചെയ്തതായി അറിയിച്ച കണ്ണൂർ എസ്പി ശിവവിക്രം പ്രതികൾ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തതായി പറഞ്ഞിരുന്നു.ഈ കാറിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് പാപ്പിനിശ്ശേരി അരോളി സ്വദേശിയുടേതാണെന്ന് കണ്ടെത്തിയത്.അതേസമയം കേസിൽ നേരത്തെ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെയും റിജിൻ രാജിനെയും നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.