കോഴിക്കോട്:സംസ്ഥാനത്ത് ഷിഗല്ലെ വൈറസ് ബാധ ആശങ്ക പരത്തുന്നു.ഷിഗല്ലെ ബാധയെ തുടര്‍ന്ന് കോഴിക്കോട് പുതുപ്പാടിയില്‍ രണ്ട് വയസുകാരന്‍ മരിച്ചു.പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാദാണ് മരിച്ചത്.സിയാദിന്റെ ഇരട്ടസഹോദരന്‍ സയാന്‍ ഇതേ രോഗം ബാധിച്ച് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.വയറിളക്കത്തെ തുടര്‍ന്ന് ജൂലൈ 18 നാണ് സിയാദിനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടിയ്ക്ക് ഷിഗല്ലെ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം നാലുപേര്‍ക്കാണ് ഷിഗല്ലെ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്.
പ്രത്യേകതരം വയറിളക്ക രോഗമാണ് ഷിഗല്ലെ. മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയാണ് രോഗഹേതു. ഈ ബാക്ടീരിയ കലര്‍ന്ന ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് രോഗം പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുന്നതിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും മാത്രമെ രോഗത്തെ പ്രതിരോധിക്കാനാകൂ. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കുടല്‍ കരണ്ട് തിന്നുന്ന ബാക്ടീരിയ എന്നാണ് ഷിഗെല്ല അറിയപ്പെടുന്നത്. രൂക്ഷമായ വയറിളക്കമാണ് ഷിഗെല്ല ബാക്ടീരിയ ബാധിച്ചതിന്റെ ആദ്യ ലക്ഷണം. മലത്തിനൊപ്പം രക്തവും പുറത്തേക്ക് പോകും. മലം കലര്‍ന്ന വെള്ളമോ ഭക്ഷണമോ സ്പര്‍ശിക്കുന്നതിലൂടെയാണ് പ്രധാനമായും ഷിഗെല്ല മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്. 2 മുതല്‍ 4 വയസുവരെ പ്രായത്തിലുള്ള കുട്ടികളിലാണ് കൂടുതലായും ബാക്ടിരിയ ബാധ കണ്ടുവരുന്നത്.ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. ഒരാഴ്ചയോളം സമയം കൊണ്ടാണ് അപകടകരമായ രീതിയില്‍ ബാക്ടീരിയ പെരുകുന്നത്. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്ബോള്‍ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. വയറിളക്കം, രക്തവും പഴുപ്പും കലര്‍ന്ന മലം, അടിവയറ്റിലെ വേദന, പനി,ഛര്‍ദ്ദി , നിര്‍ജ്ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
ഭക്ഷണത്തിന് മുന്‍പ് വൃത്തിയായി കൈകള്‍ കഴുകുക,ചെറിയ കുട്ടികളുടെ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കുക,ഡയപ്പറുകള്‍ തുറസായ സ്ഥലത്ത് ഉപേക്ഷിക്കാതിരിക്കുക,ഇവ കത്തിച്ച് കളയുക,വയറിളക്കം അനുഭവപ്പെടുന്നവര്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക, വയറിളക്കമുളള കുട്ടികളെ സ്കൂളിലോ ഡേ കെയറിലോ വിടാതിരിക്കുക,തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക,ശുചി മുറി ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, ചൂടുള്ളതും നന്നായി വേവിച്ചതുമായ ഭക്ഷണം കഴിക്കുക ,ഭക്ഷണവും കുടിവെള്ളവും തുറന്ന് വെയ്ക്കാതിരിക്കുക,ഈച്ച പോലുള്ള പ്രാണികള്‍ ഭക്ഷണത്തില്‍ വന്നിരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് രോഗം വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ.