Kerala, News

കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം പടർന്നത് വെള്ളത്തിൽ നിന്ന് തന്നെ;രോഗവ്യാപനം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ്

keralanews shigella outbreak in kozhikode district from water warning of possible outbreak

കോഴിക്കോട്:ജില്ലയിൽ ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ആരോഗ്യ വകുപ്പിന് കൈമാറിയ അന്തിമ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വീണ്ടും രോഗ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.കോഴിക്കോട് ജില്ലയിൽ കോട്ടാംപറമ്പ് മുണ്ടിക്കൽ താഴത്ത് ഷിഗല്ല ബാധയുണ്ടായത് വെള്ളത്തിലൂടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വീണ്ടും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും ലക്ഷണങ്ങൾ ഉള്ളവർ വളരെ വേഗം ചികിത്സ തേടണമെന്നും നിർദേശിച്ചു. പ്രാഥമിക റിപ്പോർട്ടിലും മെഡിക്കൽ കോളേജ് ടീം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സമിതിയും രോഗം പടർന്നത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് നിഗമനത്തിലാണ്. ഷിഗെല്ല ബാധിച്ച് മരിച്ച പതിനൊന്നു വയസ്സുകാരന്റെ വീട്ടിലേയും സമീപത്തേയും അഞ്ച് കിണറുകളിലെ വെള്ളം പരിശോധിച്ചതിൽ രണ്ട് കിണറുകളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മുണ്ടിക്കൽ താഴത്ത് ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 52 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഫറോക്കിൽ കഴിഞ്ഞ ദിവസം ഒന്നര വയസ്സുള്ള കുട്ടിക്കും രോഗം സ്ഥീരികരിച്ചു. ആ ഭാഗത്തും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

Previous ArticleNext Article