Kerala, News

കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ മാണി.സി.കാപ്പൻ സിബിഐക്ക് നൽകിയ മൊഴി പുറത്ത് വിട്ട് ഷിബു ബേബി ജോൺ

keralanews shibu baby john releases statement of mani c kappan to cbi related to kannur airport share issue

കൊച്ചി: കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ സിബിഐക്ക് മുൻപാകെ മാണി സി കാപ്പന്‍ നല്‍കിയ മൊഴിയുടെ രേഖകള്‍ പുറത്ത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണാണ് പാലായില്‍ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായി ജയിച്ച മാണി സി കാപ്പന്‍ നല്‍കിയ മൊഴിയുടെ രേഖകള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടിയേരിബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കും മുംബൈ മലയാളി ദിനേശ് മേനോന്‍ പണം നല്‍കിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ നിര്‍ണായക മൊഴിയുടെ പകര്‍പ്പാണു ഷിബു ബേബിജോണ്‍ പുറത്തുവിട്ടിരിക്കുന്നത്.സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ദിനേശ് മാണി സി കാപ്പനെതിരെ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2013ല്‍ കാപ്പന്‍ നല്‍കിയ മൊഴിയാണ് ഷിബു ബേബി ജോണ്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഷിബു ബേബി ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നു.!
സിബിഐയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ മാണി സി കാപ്പന്‍ പറയുന്നത് –
‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്ബോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത്’
– ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു.!
ഇനി അറിയാന്‍ താല്‍പര്യം, ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍, നിലവിലെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ച്‌ സിബിഐക്ക് എഴുതിനല്‍കിയ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച്‌ സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.!

Previous ArticleNext Article