തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഗ്രീഷ്മയെ ജയിലിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി.അട്ടകുളങ്ങര വനിത ജയിലിലേക്കാണ് മാറ്റിയത്. നാളെ പോലീസ് കസ്റ്റഡി അപേക്ഷ നൽകും.കേസിൽ അറസ്റ്റിലായ ഗ്രീഷ്മ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ വെച്ച് അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലാണ് ഗ്രീഷ്മയെ പ്രവേശിപ്പിച്ചിരുന്നത്. തൊണ്ടയിലും അന്നനാളത്തിലും മുറിവുകളുണ്ടായിരുന്നു. ചികിത്സയിൽ കഴിയുന്നതിനാൽ കേസിലെ തെളിവെടുപ്പ് നീളുകയായിരുന്നു.നേരത്തെ കേസിൽ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവൻ നിർമൽ കുമാറിനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഗ്രീഷ്മ കഷായത്തിൽ കലർത്തിയ വിഷത്തിന്റെ കുപ്പി കണ്ടെടുത്തിരുന്നു.നിലവിലെ അന്വേഷണത്തിൽ തൃപ്തരാണെന്നും കേസ് തമിഴ്നാട് പോലീസിന് കൈമാറരുതെന്നും അഭ്യർത്ഥിച്ച് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണം, വിഷം വാങ്ങിയത്, തൊണ്ടി മുതൽ ഉപേക്ഷിച്ചത് തുടങ്ങിയ സംഭവവികാസങ്ങളുണ്ടയത് തമിഴ്നാട് സ്റ്റേഷൻ പരിധിയിലാണ്. അതിനാലാണ് കേസ് തമിഴ്നാട് പോലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നത്.