തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലപാതകത്തിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി.തെളിവുകൾ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവൻ നിർമൽ കുമാറിനേയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.ഷാരോണിന്റെ മരണ ശേഷം അമ്മയ്‌ക്കും അമ്മാവനും ഗ്രീഷ്മയെ ആയിരുന്നു സംശയം. ഇക്കാര്യം ആരാഞ്ഞപ്പോൾ താനാണ് കൊലപ്പെടുത്തിയത് എന്ന് ഗ്രീഷ്മ സമ്മതിച്ചു. ഇതോടെ കഷായത്തിന്റെ കുപ്പിയുൾപ്പെടെ നശിപ്പിക്കുകയായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കി.ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയിരുന്നു. മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിൽ എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.ഒരു വർഷമായി ഷാരോണും ഗ്രീഷ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറാൻ ഷാരോൺ തയ്യാറാകാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് ഗ്രീഷ്മ നൽകിയ മൊഴി. കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഇതോടെ ബന്ധം കൂടുതൽ വഷളായി. ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോണിനോട് പലകുറി പലരീതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഷാരോണിനെ ഒഴിവാക്കാൻ കടുംകൈ ചെയ്തതെന്നാണ് ഗ്രീഷ്മ പൊലീസിന് നൽകിയ മൊഴി.