തിരുവനന്തപുരം: പാറശ്ശാലയിൽ കാമുകൻ ഷാരോണിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്ന കേസിൽ കസ്റ്റഡിയിലുള്ള ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇന്നലെ രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വനിതാ എസ് ഐയും മൂന്നു വനിതാ പൊലീസുകാരുമാണ് കാവലിന് ഉണ്ടായിരുന്നത്.സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാൽ, മറ്റൊരു ശുചിമുറിയിൽവച്ചാണ് ഗ്രീഷ്മ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നതിനിടെ ഗ്രീഷ്മ ഛർദ്ദിക്കുകയായിരുന്നു. ഇതേ തുടർന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് താൻ അണുനാശിനി കുടിച്ചതായി പെൺകുട്ടി വ്യക്തമാക്കിയത്. ഉടനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ഗ്രീഷ്മ.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥരായ ഗായത്രി, സുമ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.സുരക്ഷ വീഴ്ചയെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് റൂറൽ എസ് പി പറഞ്ഞു.