കണ്ണൂർ:ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി.അറുപതോളം വീടുകളിൽ വെള്ളം കയറി.തലശ്ശേരി പെട്ടിപ്പാലം,ഏഴര കടപ്പുറം, മുഴപ്പിലങ്ങാട്,തോട്ടട,കിഴുന്ന, പുതിയങ്ങാടി എന്നിവിടങ്ങളിലാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്.ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടി ഏഴര അങ്കണവാടിക്ക് സമീപം കടലേറ്റത്തിൽ പതിനൊന്നോളം വീടുകളിൽ വെള്ളം കയറി.രണ്ടു ഫൈബർ ബോട്ടുകളും തകർന്നു.സമീപത്തെ തോടുകളിലും വെള്ളം കയറി.മുഴപ്പിലങ്ങാട് ബീച്ചിൽ കടലേറ്റത്തെ തുടർന്ന് ഡ്രൈവിംഗ് നിർത്തിവെച്ചു.ബീച്ചിലെ ടോൾ ബൂത്തു വരെ വെള്ളം കയറി.കരയിൽ നിർത്തിയിട്ടിരുന്ന ബോട്ടുകൾ ഒഴുകി പോയി.മൽസ്യത്തൊഴിലാളികൾ അതിസാഹസികമായി ബോട്ടുകൾ കരയ്‌ക്കെത്തിച്ചു.തോട്ടട,കിഴുന്ന ഭാഗങ്ങളിലും ശക്തമായ കടലാക്രമണം ഉണ്ടായി.മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ബീച്ച് റോഡ്,നീരൊഴുക്കുംചാൽ,ചൂട്ടാട്,പുതിയവളപ്പ്,മാട്ടൂൽ കക്കാടൻചാൽ,അരിയിൽ ചാൽ എന്നിവിടങ്ങളിൽ ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ കടലേറ്റം വൈകുന്നേരത്തോടെ രൂക്ഷമായി.നീരൊഴുക്കുംചാലിൽ ഇരുപതിലധികം വീടുകളിൽ വെള്ളം കയറി.കിണറുകളിലെ വെള്ളം ഉപ്പുവെള്ളമായതിനെ തുടർന്ന് പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമായി.ഈ ഭാഗങ്ങളിലെ തീരദേശ റോഡുകൾ പൂർണ്ണമായും തകർന്നു.തലശ്ശേരി പെട്ടിപ്പാലത്ത് 20 അടി ഉയരത്തിൽവരെ തിരമാലകൾ ഉയർന്നുപൊങ്ങി.തിരമാല അടിച്ചുകയറുമ്പോൾ ഹോളോബ്രിക്സ് ദേഹത്ത് തെറിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് പരിക്കേറ്റു. വീടുകൾക്ക് ഉള്ളിലേക്ക് തിരയടിച്ചു കയറിയതിനെ തുടർന്ന് ജനങ്ങൾ മണിക്കൂറുകളോളം വീടിനു പുറത്ത് തമ്പടിച്ചു. രോഷാകുലരായ ഒരുകൂട്ടം ജനങ്ങൾ ദേശീയ പാത ഉപരോധിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് പിന്മാറി.പെട്ടിപ്പാലത്ത് ഇത്രയും രൂക്ഷമായ കടലേറ്റം ഇതാദ്യമായാണെന്ന് ദേശവാസികൾ പറഞ്ഞു.പ്രദേശത്തെ മുഴുവൻ കുടിലുകളിലും വെള്ളം കയറിയതിനെ തുടർന്ന് വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കിടക്കകളും വെള്ളത്തിൽ കുതിർന്നു.കടൽഭിത്തി ഉണ്ടെങ്കിലും അതിനു മുകളിലൂടെയാണ് വെള്ളം അടിച്ചു കയറിയത്.
Kerala, News
ജില്ലയിൽ രൂക്ഷമായ കടലേറ്റം;പെട്ടിപ്പാലത്ത് രണ്ടുപേർക്ക് പരിക്കേറ്റു,അറുപതോളം വീടുകളിൽ വെള്ളം കയറി
Previous Articleസംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷം;തൃശൂർ അഴീക്കോട്ട് യുവതിയെ കാണാതായി