India, News

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ കടുത്ത ശിക്ഷ;പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്തു

keralanews severe punishment for attacking health workers epidemic law was amended

ന്യൂഡൽഹി:ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉപ്പാപ്പാക്കി 1897 ലെ പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി ഭേദഗതി ഓർഡിനൻസ് ഉടൻ പുറപ്പെടുവിക്കും.ഡോക്റ്റർമാർ,നഴ്‌സുമാർ, പാരാമെഡിക്കൽ രംഗത്തുള്ളവർ,ആശ വർക്കർമാർ തുടങ്ങി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എന്നവരും നിയമത്തിന്റെ പരിധിയിൽ വരും.കോവിഡ് മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ജീവൻ പണയംവെച്ച് പ്രവർത്തിക്കുന്നവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പ്രകാശ് ജാവദേക്കർ മന്ത്രിസഭാ യോഗത്തിനു ശേഷം വ്യക്തമാക്കി.കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു.ബുധനാഴ്ച രാവിലെ ആഭ്യന്തരമന്ത്രി ഹർഷവർധനും അസോസിയേഷൻ ഭാരവാഹികളുമായും മറ്റു സംഘടനകളുടെ പ്രതിനിധികളുമായും വീഡിയോ കോൺഫെറൻസ് നടത്തിയിരുന്നു.അതിനു ശേഷമാണ് നിയമം ഭേദഗതി ചെയ്യാൻ തീരുമാനമുണ്ടായത്.പുതുക്കിയ ഓർഡിനൻസ് അനുസരിച്ച് ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണം ജാമ്യമില്ലാ കുറ്റമാകും.പൊലീസിന് സ്വമേധയാ കേസെടുക്കാം.ആക്രമണമുണ്ടായാൽ 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം.ഒരുവർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി കോടതി തീർപ്പുകല്പിക്കണം.ആക്രമണം ഗുരുതരമല്ലെങ്കിൽ മൂന്നുമാസം മുതൽ അഞ്ചുവർഷം വരെ തടവുശിക്ഷയും അരലക്ഷം മുതൽ രണ്ടുലക്ഷം രൂപവരെ പിഴയും ആണ് ശിക്ഷ.എന്നാൽ ആക്രമണവും പരിക്കും ഗുരുതരമാണെങ്കിൽ ആറുമാസം മുതൽ ഏഴുവർഷം വരെ തടവും ഒരുലക്ഷം മുതൽ അഞ്ചുലക്ഷം വരെ പിഴയും ഈടാക്കും.വാഹനങ്ങൾ,സ്വത്തുക്കൾ,ക്ലിനിക്കുകൾ എന്നിവ നശിപ്പിച്ചാൽ അവയുടെ വിപണിവിലയുടെ രണ്ടുമടങ്ങ് തുക ഉത്തരവാദികളിൽ നിന്നും ഈടാക്കുകയും ചെയ്യും.

Previous ArticleNext Article