തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം വേണമെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍. രണ്ടാഴ്‌ചത്തെ സമയം വേണമെന്നതാണ് ആവശ്യം. തനിക്ക് കടുത്ത തലവേദനയും കഴുത്തുവേദനയുമാണെന്നാണ് രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും രവീന്ദ്രന്‍ കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.തനിക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും രവീന്ദ്രന്‍ കത്തില്‍ പറയുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം ആവശ്യപ്പെട്ട് മൂന്നാം തവണയാണ് സി എം രവീന്ദ്രന്‍ എന്‍ഫോഴ്സ്‌മെന്റിനെ സമീപിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളായത് കൊണ്ടും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആണ് ആവശ്യം എന്നതിനാലും ചോദ്യം ചെയ്യലില്‍ തിരക്കിട്ട് തീരുമാനം എടുക്കേണ്ടെന്ന നിലപാടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് എന്നാണ് വിവരം. ഇ. ഡി സംഘം ഇന്ന് രവീന്ദ്രന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സംശയം തോന്നിയാല്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു തുടര്‍ നടപടിയെടുക്കാനാണ് സാധ്യത. അസുഖ ബാധിതനെങ്കില്‍ കൂടുതല്‍ സമയം അനുവദിക്കും. ശിവങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി വരുംവരെ സമയമുണ്ടെന്നും ഇതിനിടയില്‍ ചോദ്യം ചെയ്താല്‍ മതിയെന്നുമാണ് ഇ.ഡിയുടെ നിലപാട്.