കൊല്ലം:കൊല്ലം ഏരൂരിൽ രണ്ടാം ക്ലാസുകാരി പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച. മൃതദേഹം കണ്ടെത്തിയ ആർപിഎൽ എസ്റ്റേറ്റിൽ രാത്രി വരേയും പൊലീസ് തെരച്ചില്‍ നടത്തിയില്ല എന്നാണ് പരാതി.. കുട്ടിയുമായി പ്രതി ഇവിടേക്ക് ബസ് കയറിയെന്ന് രാവിലെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഏരൂർ എസ്.ഐ ലിസിക്കെതിരെ നടപടിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകി.ലിസിയെ ചുമതലകളിൽ നിന്നും മാറ്റി നിർത്താനാണ് നിർദേശം.പീഡനത്തിനിരയായി മരിച്ച രണ്ടാം ക്ലാസ് വിദ്യാർഥിനി ശ്രീലക്ഷ്മിയുമായി പ്രതി രാജേഷ് കുളത്തൂപ്പുഴക്ക് ബസ് കയറി എന്ന വിവരം കുട്ടിയെ കാണാതായ ആദ്യ മണിക്കൂറിൽ തന്നെ ഏരൂർ പൊലീസിന് ലഭിച്ചിരുന്നു. കുളത്തൂപ്പുഴക്ക് സമീപത്തായാണ് രാജേഷിന്റെ വസതി. ഇതിനടുത്തുള്ള പൊതുമേഖല സ്ഥാപനമായ ആർപിഎൽ എസ്റ്റേറ്റിനുള്ളിലാണ് തൊട്ടടുത്ത ദിവസം ശ്രീലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുട്ടിയെ കാണാതായ ബുധനാഴ്ച രാത്രി വരെ പൊലീസ് ഇവിടെ യാതൊരു അനേഷണത്തിനും എത്തിയില്ലെന്ന് എസ്റ്റേറ്റ് ചെക്ക് പോസ്റ്റിലെ വാച്ച് മാൻ പറയുന്നു.കുട്ടിയെ കാണാതായ വിവരം അറിയിച്ചിട്ടും എസ്.ഐ ലിസി പരാതിയെ ഗൗരവമായി കണ്ടില്ലെന്നും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.മാത്രമല്ല സംഭവ ദിവസം ലിസി അന്വേഷണത്തിൽ സഹകരിക്കാതെ ലീവെടുത്ത് വീട്ടിൽ പോയെന്നും ആരോപണമുണ്ട്.