ഇടുക്കി:തൊടുപുഴയില്‍ ഏഴ് വയസുകാരന് ക്രൂരമര്‍ദനം. കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സഹോദരനായ നാല് വയസുകാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിന് നിര്‍ദ്ദേശം നല്‍കി.ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. രക്തത്തില്‍ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. കുട്ടിയുടെ പരിക്ക് വീഴ്ചയിലുണ്ടായതാണെന്നാണ് ഇവർ ഡോക്ടറോട് പറഞ്ഞത്.കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നല്‍കേണ്ടത് എന്നതിനാല്‍ ആദ്യം ഡോക്ടര്‍മാര്‍ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി.തുടര്‍ന്ന് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.അതേസമയം മർദനമേറ്റ കുട്ടിയുടെ അമ്മയുടെയും ഇളയ കുഞ്ഞിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാനച്ഛനെതിരെ പോലീസ് കേസെടുത്തു.ആദ്യമൊക്കെ കുഞ്ഞിന് പരിക്ക് പറ്റിയത് വീഴ്ചയിലാണെന്ന് പറഞ്ഞ കുട്ടിയുടെ ‘അമ്മ പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിൽ സംഭവം തുറന്നുപറയുകയായിരുന്നു.എട്ട് മാസമായി തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരന്‍ അരുണ്‍ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛന്‍ ഒരു വര്‍ഷം മുമ്ബ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയില്‍ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്ബ് മാത്രമാണ് സ്കൂളില്‍ ചേര്‍ത്തത്.
തന്നെയും കുട്ടികളെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നല്‍കിയത്. ആദ്യം ഉണ്ടായ കാര്യങ്ങള്‍ പൊലീസിനോട് പറയാതിരുന്നത് അരുണ്‍ ആനന്ദിനെ ഭയന്നാണ്. ഇയാള്‍ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാന്‍ ഭയമായിരുന്നെന്നും യുവതി പറയുന്നു.ഇപ്പോള്‍ കസ്റ്റഡിയിലുള്ള അരുണിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. കുട്ടികളെ അതിക്രമിക്കല്‍ ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തും.