ചിറ്റൂർ:ആന്ധ്രായിലെ ചിറ്റൂരിൽ ഓട വൃത്തിയാക്കാനിറങ്ങിയ ഏഴു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു.ചിറ്റൂർ ജില്ലയിലെ ഒരു സ്വകാര്യ ഹാച്ചറിയിലെ തൊഴിലാളികളാണ് ശുചീകരണ ജോലിക്കിടെ ശ്വാസംമുട്ടി മരിച്ചത്.മോറം ഗ്രാമത്തിലെ പലമനേറുവിലുള്ള വെങ്കടേശ്വര ഹാച്ചറിയിലാണ് ദുരന്തം നടന്നത്. ഓടയിൽ ഇറങ്ങിയ ഉടൻ നാലു തൊഴിലാളികൾ ബോധരഹിതരായി വീണു.ഇവരെ രക്ഷിക്കാനിറങ്ങിയ മൂന്നു പേർകൂടി ഓടയിലേക്കു വീഴുകയായിരുന്നു.മറ്റ് തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇവരെ പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.ദുരന്തമുണ്ടായതിനു തൊട്ടുപിന്നാലെ ഹാച്ചറിയുടെ ഉടമയും മാനേജരും ഒളിവിൽ പോയിരിക്കുകയാണ്.ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കാതെയാണ് തൊഴിലാളികളെ ശുചീകരണത്തിന് ഇറക്കിയത്.ഹാച്ചറി മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഗുരുതരമായ അനാസ്ഥയുണ്ടായതായും അധികൃതർ പറഞ്ഞു.