കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ വൈറസ് (കൊവിഡ് 19) ബാധ സ്ഥിരീകരിച്ച ആള്‍ക്കൊപ്പം ദുബായിയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ഏഴുപേരെ നാട്ടിലെത്തിച്ചു. അര്‍ധരാത്രിയോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നേരത്തേ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന അഞ്ച് പേര്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇവരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുമായി നേരിട്ട് ഇടപഴകിയ പതിനഞ്ച് പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ഇടപഴകിയ ആളുകളുടെ രണ്ടാംഘട്ട സമ്പർക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇന്ന് മന്ത്രി ഇപി ജയരാജന്റെ അധ്യക്ഷതയില്‍ കണ്ണൂരില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. നിലവില്‍ മുപ്പത് പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 200 പേരാണ് വീടുകളില്‍ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരത്ത് രണ്ട് ഐസോലേഷന്‍ വാര്‍ഡുകള്‍ കൂടി തുറന്നിട്ടുണ്ട്.അതേസമയം സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 19 ആയി. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 5468 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.