കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കൊലകളും വെവ്വേറെ സംഘം അന്വേഷിക്കുമെന്ന് റിപ്പോർട്ട്.അതിനായി ജില്ലയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനാണ് തീരുമാനം.റൂറല്‍ എസ്പി കെ.ജി. സൈമണായിരിക്കും ഇതിന്റെ ഏകോപന ചുമതല.അന്വേഷണ സംഘത്തിന്റെ വിപുലീകരണത്തെക്കുറിച്ച് നേരത്തെ ഡിജിപി സൂചന നല്‍കിയിരുന്നു.11 പേരാണ് അന്വേഷണ സംഘത്തില്‍ ഇപ്പോഴുള്ളത്. ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഈ സംഘമാണ് കേസിലെ നിര്‍ണായക വഴിത്തിരിവുകള്‍ കണ്ടെത്തിയത്. ഇതിനായി ഇവരെ സഹായിച്ചത് സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ജീവന് ജോര്‍ജ്ജിന്റെ റിപ്പോര്‍ട്ടാണ്.പുതിയ ആറു സംഘങ്ങളെ രൂപീകരിക്കുന്നതോടെ ഓരോ സംഘത്തിനും ഓരോ തലവനുണ്ടാകും. സൈബര്‍ ക്രൈം, ഫൊറന്‍സിക് പരിശോധന, എഫ്ഐആര്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധര്‍, അന്വേഷണ വിദഗ്ധര്‍ എന്നിങ്ങനെ ഓരോ മേഖലയിലും കഴിവു തെളിച്ചവരെയാണ് സംഘങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. കേസന്വേഷണം വേഗത്തിലാക്കാനും പരമാവധി തെളിവുകള്‍ ശേഖരിക്കാനും വേണ്ടിയാണ് ആറു സംഘങ്ങളായി വിപുലീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്ബതികളുടെ മകനായ റോജോ നല്കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്.ഇതോടെയാണ് മരണത്തിന്റെ ചുരുളഴിഞ്ഞത്. അറസ്റ്റ് ഇവരില്‍ മാത്രം ഒതുങ്ങില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന് റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് വർഷങ്ങളുടെ ഇടവേളകളിൽ ഒരേ സാഹചര്യത്തിൽ മരണപ്പെട്ടത്.