ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്. നിര്‍ഭയയുടെ അമ്മയോടാണ് ട്വിറ്ററിലൂടെ ഇന്ദിരാ ജയ്‌സിങ് ഈ ആവശ്യം ഉന്നയിച്ചത്. ‘നിര്‍ഭയയുടെ അമ്മയുടെ വേദന ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. അതേസമയം രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണണെന്ന് ഞാന്‍ ആശാദേവിയോട് അഭ്യര്‍ത്ഥിക്കുന്നു.ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ വധശിക്ഷക്ക് എതിരാണ്’ ഇന്ദിരാ ജെയ്‌സിങ് ട്വിറ്ററില്‍ കുറിച്ചു.എന്നാൽ ഇന്ദിര ജയ്‌സിങിന്റെ ആവശ്യത്തിനെതിരെ നിര്‍ഭയയുടെ അമ്മ രൂക്ഷമായാണ് പ്രതികരിച്ചത്. അത്തരമൊരു നിര്‍ദേശം എന്റെ മുന്നില്‍ വെക്കാന്‍ ഇന്ദിരാ ജെയ്‌സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. ‘ഇന്ദിരാ ജെയ്‌സിങിനെ പോലുള്ള ആളുകള്‍ക്ക് എങ്ങനെയാണ് കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്ന് നിര്‍ദേശിക്കാന്‍ സാധിക്കുന്നത്. സുപ്രീംകോടതിയില്‍ വെച്ച് നിരവധി തവണ ഞാന്‍ അവരെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കല്‍ പോലും അവര്‍ എനിക്ക് ക്ഷേമം നേരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.ഇന്ന് അവര്‍ കുറ്റവാളികള്‍ക്ക് വേണ്ടി സംസാരിക്കുന്നു.നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നു. ഈ സമയത്താണ് ഇത്തരം ആവശ്യവുമായി ഇന്ദിരാ ജയ്‌സിങ് മുന്നോട്ടുവരുന്നത്. ബലാത്സംഗക്കേസ് പ്രതികളെ പിന്തുണച്ച് ഇത്തരം ആളുകള്‍ ഉപജീവനം നടത്തുന്നതുകൊണ്ട് തന്നെ ഇവിടെ ബലാത്സംഗങ്ങള്‍ അവസാനിക്കുന്നില്ലെന്നും ആശാ ദേവി പറഞ്ഞു.