ന്യൂഡൽഹി: മെഡിക്കൽ പ്രവേശനം റദ്ദാക്കിയതിനെതിരേ തൊടുപുഴ അൽ അസർ, ഡി.എം. വയനാട്, അടൂർ മൗണ്ട് സിയോണ്‍ മെഡിക്കൽ കോളേജുകൾ നൽകിയ ഹർജിയിൽ ഇന്നും തീരുമാനമായില്ല.ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ബുധനാഴ്ചത്തേക്കു മാറ്റി. സമാനമായ മറ്റ് കേസുകളുടെ അവസ്ഥ കൂടി പരിഗണിക്കണമെന്ന് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ (എംസിഐ) സുപ്രീം കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.മൂന്ന് കോളേജുകൾക്കും പ്രവേശനം നടത്താൻ കേരള ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് റിട്ട് ഹർജി നൽകാൻ കോളേജുകൾക്ക് അനുമതി നൽകുകയായിരുന്നു. മൂന്ന് സ്വാശ്രയ കോളേജുകളിലുമായി 400 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം നേടിയ വിദ്യാർഥികളെ പഠിക്കാൻ അനുവദിക്കണമെന്നാണ് സർക്കാരിന്‍റെ നിലപാട്.എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പ്രവേശനത്തെ എംസിഐ എതിർക്കുകയാണ്.