കൊച്ചി:കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച ആഞ്ഞിലിച്ചക്ക പിടികൂടി.വഴിയരികില്‍ വില്‍പ്പനയ്ക്കു വച്ചിരുന്ന ആഞ്ഞിലിച്ചക്കയാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് കൊച്ചി മരട് പൊലീസ് പിടിച്ചെടുത്തത്. ആഞ്ഞിലിച്ചക്ക വാങ്ങി കഴിക്കുന്നതിനിടയിലുണ്ടായ രുചിവിത്യാസമാണ് നാട്ടുകാരുടെ സംശയത്തിനിടയാക്കിയത്.മരട് ന്യൂക്ലിയസ് മാളിനു സമീപം കിലോഗ്രാമിനു 100 രൂപ നിരക്കിലാണ് ആഞ്ഞിലിച്ചക്ക വിറ്റിരുന്നത്. വില്‍പ്പനക്കാരന്‍ കുന്നംകുളം സ്വദേശി തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്തു.വില്‍ക്കാന്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാള്‍ക്കു വേണ്ടിയാണ് താന്‍ ആഞ്ഞിലിച്ചക്ക വിറ്റിരുന്നതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.ആഞ്ഞിലിച്ചക്ക വിറ്റ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ മുഴുവന്‍ പെട്ടിയിലും കടലാസില്‍ പൊതിഞ്ഞ കാര്‍ബൈഡ് വച്ചിരുന്നതായി പോലീസ് കണ്ടെത്തി.