തിരുവനന്തപുരം: തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാ വീഴ്ച്ച. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയർ ആര്യാ രാജേന്ദ്രന്റെ കാർ കയറ്റിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് വിമർശനം. വിമാനത്താവളത്തിൽ നിന്നും പൂജപ്പുരയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.വിമാനത്താവളത്തിൽ നിന്നും വരുന്നതിനിടെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിനും ജനറൽ ആശുപത്രിയ്‌ക്കും ഇടിയിൽവെച്ചായിരുന്നു മേയറുടെ വാഹനം മുന്നറിയിപ്പ് ഇല്ലാതെ രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് കടന്നത്.രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി തുമ്പ സെന്‍റ് സേവ്യേര്‍സ് മുതല്‍ മേയറുടെ വാഹനം സഞ്ചരിച്ചിരുന്നു.വാഹന വ്യൂഹത്തിലെ എട്ടാമത്തെ വാഹനത്തിന് ഇടയിലേക്ക് ആയിരുന്നു മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത്. ഉടനെ പുറകിൽ വന്നിരുന്ന പൈലറ്റ് വാഹനങ്ങൾ ബ്രേക്കിട്ടു. ഇതോടെ വൻ ദുരന്തമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് ഉള്ളിലേക്ക് മറ്റൊരു വാഹനത്തിന് കയറാനുള്ള അനുവാദം ഇല്ല. ഇതോടെ, മേയറുടെ വാഹനം കയറ്റിയ പ്രവൃത്തി വിവാദമായി മാറിയിരിക്കുകയാണ്. അതേസമയം കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദില്ലിക്ക് മടങ്ങി.