തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തി വരുന്ന സമരം യാത്രക്കാരെ ദുരിതത്തിലാക്കി. പലയിടത്തും ജോലിക്കെത്തുന്ന ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞതോടെ സംസ്ഥാനത്ത് വ്യാപകമായി സര്‍വീസ് മുടങ്ങി. പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമാക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ബിഎംഎസ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. അതിനാല്‍ തന്നെ സര്‍വ്വീസുകള്‍ വ്യാപകമായി മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാല്‍, ഇതിന് വിപരീതമായി പലയിടത്തും സമരം ശക്തമാവുകയായിരുന്നു.
കണിയാപുരത്ത് ജോലിക്കെത്തിയ ഡ്രൈവര്‍ക്ക് നേരെ സമരാനുകൂലികള്‍ ചീമുട്ടയെറിഞ്ഞു. നെയ്യാറ്റിന്‍കരയില്‍ സമരക്കാര്‍ ബസ് തടഞ്ഞതിനെ തുടന്ന് ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസ് പൂര്‍ണ്ണമായും നിലച്ച സാഹചര്യമാണുള്ളത്. പാറശ്ശാല ഡിപ്പോയില്‍ ബംഗാളി ഡ്രൈവറെ ഉപയോഗിച്ച് സര്‍വ്വീസ് നടത്തി എന്നാണ് സമരക്കാര്‍ പറയുന്നത്. സമരക്കാര്‍ എത്തിയതോടെ ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി ഓടിയെന്നാണ് ആരോപണം. ഇതില്‍ പ്രതിക്ഷേധിച്ച് സമരക്കാര്‍ ഡിപ്പോ ഉപരോധിച്ചു.എറണാകുളം ജില്ലയിലും വ്യാപകമായ രീതിയില്‍ സര്‍വ്വീസുകള്‍ മുടങ്ങി. ആലുവയില്‍ 70 ഉം എറണാകുളത്ത് 12 ഉം സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ 73 സര്‍വീസുകളും മുടങ്ങിയിട്ടുണ്ട്. കൊല്ലത്തെ 104 സര്‍വ്വീസുകളില്‍ 45 എണ്ണം റദ്ദാക്കി. ഇതില്‍ നാല് എണ്ണം ദീര്‍ഘദൂര സര്‍വീസുകളാണ്. കൊല്ലം ഡിപ്പോയില്‍ സമരത്തിനിറങ്ങിയ പതിമൂന്ന് കെഎസ്‌ആര്‍ടിസി ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരത്ത് 45 സര്‍വ്വീസുകളില്‍ 8 എണ്ണം മുടങ്ങി.