തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലെ തീപിടിത്തത്തില്‍ ദുരൂഹത തുടരുന്നു. തീ പിടിച്ച മുറിക്ക് സമീപത്തു നിന്നും രണ്ട് മദ്യകുപ്പികള്‍ കണ്ടെടുത്തു. ഇതിലെ മദ്യം ഉപയോഗിച്ചാണോ തീ കത്തിച്ചതെന്ന സംശയം സജീവമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഫോറന്‍സിക് പരിശോധനയില്‍ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും കണ്ടെത്തിയിട്ടില്ല. ഇതോടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് ബംഗളൂരുവിലോ ഡല്‍ഹിയിലോ അയയ്ക്കാനാണ് തീരുമാനം. മുറിയിലെ ഫാന്‍ തീപിടിച്ച് ഉരുകിയതിന് തെളിവ് കിട്ടുകയും ചെയ്തു.ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍നിന്നു രണ്ട് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കത്തിയ ഫാനിന്റെ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോട്ടര്‍ എന്നിവ പരിശോധിച്ചിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനുകീഴിലെ പ്രോട്ടാകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന ചില ഫയലുകള്‍ കത്തിനശിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു തീപിടിത്തം. സെക്രട്ടറിയേറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായി ഫയലുകള്‍ കത്തിനശിച്ചത് ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നായിരുന്നു സര്‍ക്കാരിന്റേയും അന്വേഷണസമിതികളുടേയും വിശദീകരണം. തീപിടുത്തത്തില്‍ നയതന്ത്രരേഖകള്‍ കത്തിനശിച്ചു എന്ന് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് പരാതി സമര്‍പ്പിച്ചിരുന്നു.