Kerala, News

സെക്രട്ടറിയേറ്റിലെ തീപിടിത്തം; ഫാനില്‍ നിന്ന് തീപിടിച്ചതിന് തെളിവില്ല; സര്‍ക്കാരിന്റെയും പൊലീസിന്റെയും വാദങ്ങളെ തളളി ഫോറന്‍സിക് പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട്

keralanews secretariat fire no evidence of fire from fan the final report of the forensic examination rejected the arguments of the government and the police

തിരുവനന്തപുരം:  സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മുറിയിലെ ഫാനില്‍ നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തീപിടിത്തത്തെ കുറിച്ച്‌ ഫോറന്‍സികിന്റെ കെമിസ്ട്രി വിഭാഗവും ഫിസിക്‌സ് വിഭാഗവും രണ്ടു തരത്തിലുളള പരിശോധന നടത്തിയിരുന്നു. ഇതില്‍ കെമിസ്ട്രി വിഭാഗം നാല്‍പ്പത്തിയഞ്ചോളം സാമ്പിളുകളാണ് പരിശോധിച്ചത്. ഫിസിക്‌സ് വിഭാഗം പതിനാറ് സാമ്പിളുകളും പരിശോധിച്ചു. സര്‍ക്കാരിന്റെയും പൊലീസിന്റെയും വാദങ്ങളെ പൂര്‍ണമായും തളളുന്നതാണ് ഫോറന്‍സിക് പരിശോധനാ ഫലം.തീപിടിത്തത്തിന് ശേഷം ശേഖരിച്ച സാമ്പിളുകളിൽ രണ്ട് മദ്യക്കുപ്പികളും ഉള്‍പ്പെടുന്നുണ്ട്. ഇവ സംബന്ധിച്ച്‌ കെമിക്കല്‍ അനാലിസിസും നടത്തിയിരുന്നു.മദ്യം നിറച്ച അവസ്ഥയിലായിരുന്നു ഈ രണ്ടു കുപ്പികളെന്നും കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ കുപ്പികളും കാനുകളും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയിലൊന്നും തീപിടിത്തത്തിന് കാരണമായേക്കാവുന്ന എണ്ണയോ മറ്റ് ഇന്ധനങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.മൂന്ന് ഘട്ടമായാണ് പ്രോട്ടോക്കോള്‍ ഓഫീസില്‍ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. ഇതില്‍ ഫാനിന്റെ സാമ്പിളുകൾ കൈമാറിയിരിക്കുന്നത് രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടത്തിലാണ്. അതായത് ആദ്യ ഘട്ടത്തില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തുമ്പോൾ ഈ ഫാനുകളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടില്ലെന്നു വേണം കണക്കാക്കേണ്ടത്. പിന്നീട് പൊലീസാണ് ഈ ഫാനുകളുടെ സാമ്പിളുകൾ കൂടി പരിശോധിക്കണം എന്നാവശ്യപ്പെട്ട് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയത്. ഈ ഫാനുകളുടെ മുഴുവന്‍ ഭാഗവും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് തീപിടിത്തമുണ്ടായതിന്റെ യാതൊരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Previous ArticleNext Article