തിരുവനന്തപുരം:കേരളത്തിൽ രണ്ടാമത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസാണ്(68) മരിച്ചത്.രണ്ടുദിവസം മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. നിലവില്‍ മൃതശരീരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്.ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.ശ്വാസകോശ സംബന്ധമായും വൃക്കസംബന്ധമായും അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.ഇയാള്‍ക്ക് എങ്ങനെയാണ് വൈറസ് രോഗബാധ പിടിപെട്ടതെന്നത് സംബന്ധിച്ച് സ്ഥിരീകരിക്കാനായിട്ടില്ല. അയാളുടെ ആദ്യ പരിശോധനഫലം നെഗറ്റീവായിരുന്നു. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടര്‍മാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. തോന്നയ്ക്കല്‍ പിഎച്ച്‌സിയിലാണ് രോഗലക്ഷണങ്ങളുമായി ഇദ്ദേഹം ആദ്യം എത്തിയത്. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രി അധികൃതര്‍ തിരികെ വിട്ടു. പിന്നീട് മാര്‍ച്ച് 21-ന് വീണ്ടും കടുത്ത രോഗലക്ഷണങ്ങളുമായി ഇദ്ദേഹം അതേ പിഎച്ച്‌സിയിലെത്തി. പിന്നീട് തൊട്ടടുത്ത ആശുപത്രിയിലേക്ക് കൂടി പോയ ഇദ്ദേഹത്തെ പിന്നീട് അവിടത്തെ ഡോക്ടറാണ് ദിശ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.മാര്‍ച്ച് 2-ന് നടന്ന ഒരു വിവാഹ ചടങ്ങില്‍ ഇദ്ദേഹം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 20 വരെ ഇദ്ദേഹം പള്ളിയില്‍ പോയിട്ടുണ്ട്.രോഗലക്ഷണങ്ങളോടെ മാര്‍ച്ച് 23-ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്.നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാര്‍ച്ച് ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിന്റെ സഞ്ചാര പാത ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്.