വയനാട്:ഉരുൾപൊട്ടൽ ദുരന്തം വിതച്ച പുത്തുമലയിലും കവളപ്പാറയിലും കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കവളപ്പാറയില്‍ 26 പേരെയും പുത്തുമലയില്‍ ഏഴുപേരെയുമാണ് ഇനി കണ്ടെത്തേണ്ടത്.നിലമ്പൂർ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിൽ രാവിലെ ഏഴരയോടെ തുടങ്ങി.പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തിരച്ചിൽ നടത്തുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരെ കാണാതായത്. ഒരാഴ്ച പിന്നിട്ട തെരച്ചിലിനൊടുവില്‍ 31 പേരെ കണ്ടെത്തി. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.കമല (55), സുകുമാരന്‍ (63), രാധാമണി 58 എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ആകെ 33 ആയി സ്ഥിരീകരിച്ചു.പുത്തുമലയില്‍ ഏഴ് പേര്‍ ഇനിയും മണ്ണിനടിയിലാണ്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്.