Kerala, News

മുനമ്പത്ത് കപ്പലിടിച്ച് തകർന്ന മൽസ്യബന്ധനബോട്ടിൽ നിന്നും കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

keralanews search for the persons who were missing from fishing boat in munambam continues today

കൊച്ചി:മുനമ്പത്ത് കപ്പലിടിച്ച് തകർന്ന മൽസ്യബന്ധനബോട്ടിൽ നിന്നും കാണാതായ ഒൻപതുപേർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. മാല്യങ്കര സ്വദേശി സിജു (45), തമിഴ്നാട് രാമന്‍തുറ സ്വദേശികളായ രാജേഷ് കുമാര്‍ (32), ആരോക്യദിനേഷ് (25), യേശുപാലന്‍ (38), സാലു (24), പോള്‍സണ്‍ (25), അരുണ്‍കുമാര്‍ (25), സഹായരാജ് (32), കൊല്‍ക്കത്ത സ്വദേശി ബിപുല്‍ദാസ് (28) എന്നിവരെയാണ് കാണാതായത്.മുനമ്പം തീരത്തുനിന്ന് 44 കി.മീ. അകലെ പുറംകടലില്‍നിന്ന് തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ നാവികസേന കണ്ടെടുത്തു. ഹെലികോപ്റ്ററുകളില്‍ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ ഭാഗങ്ങള്‍ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലെത്തി വീണ്ടെടുക്കുകയായിരുന്നു. നാവിക, തീരദേശ സേനകളുടെ കപ്പലുകളും മീന്‍പിടിത്ത ബോട്ടുകളും ചേര്‍ന്നാണ് കടലില്‍ തിരച്ചില്‍ നടത്തിയത്. നാവികസേനയുടെ ‘ഐ.എന്‍.എസ്. യമുന’ കപ്പലും ഒരു ഡോണിയര്‍ വിമാനവും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. തീരദേശ സേനയുടെ വിക്രം, സാവിത്രിഭായ് ഫുലേ, അഭിനവ് എന്നീ കപ്പലുകളും ഒരു ഡോണിയര്‍ വിമാനവും ഒരു ഹെലികോപ്റ്ററും തിരച്ചില്‍ നടത്തുന്നുണ്ട്. അപകടം നടന്ന സമയത്ത് ഇന്ത്യന്‍ ചരക്കുകപ്പലായ ദേശ് ശക്തിക്കു പുറമേ ലൈബീരിയന്‍ കപ്പലായ ഇയാന്‍ എച്ചും ഗ്രീക്ക് കപ്പലായ ഓക്സിജനും പ്രദേശത്തു കൂടി കടന്നുപോയിരുന്നു. എന്നാല്‍ ദേശ് ശക്തി തന്നെയാണ് അപകടത്തിന് ഇടയാക്കിയതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബോട്ടില്‍ ഇടിച്ചിട്ടില്ലെന്നാണ് ദേശ് ശക്തി കപ്പലിന്റെ ക്യാപ്റ്റന്‍ നാവികസേനയ്ക്ക് ആദ്യം നല്‍കിയ സന്ദേശത്തില്‍ പറയുന്നത്. ഇത് നാവികസേന ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ക്ക് കൈമാറിയിരിക്കുകയാണ്.

Previous ArticleNext Article