വയനാട്:കനത്തമഴയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പുത്തുമലയില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.സൈന്യം അടക്കം കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് പുത്തുമലയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ അളവ് കുറഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായകരമായി.രക്ഷാപ്രവര്‍ത്തകര്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഒരു സ്ത്രീയുടെ മൃതദേഹമാണ് കിട്ടിയത്. അതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.ഒൻപത് പേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്.മഴ മാറി നില്‍ക്കുകയാണെങ്കിലും മണ്ണും വെള്ളവും മരങ്ങളും പാറക്കല്ലുകളും എല്ലാം വന്നടിഞ്ഞ് ഒരു പ്രദേശമാകെ പ്രളയമെടുത്ത പുത്തുമലയില്‍ അത്രപെട്ടെന്ന് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്നാണ് വിലയിരുത്തല്‍. മിക്കയിടത്തും കാലുവച്ചാല്‍ താഴ്ന്ന് പോകുന്നതരത്തില്‍ ചതുപ്പുകള്‍ രൂപപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും ചെന്നെത്താന്‍ കഴിയാത്ത അവസ്ഥയുമാണ്.