Kerala, News

എടിഎമ്മില്‍ പണമെടുക്കാനെത്തിയ വയോധികനെ അക്രമിച്ചു പണം തട്ടിയെടുത്ത സംഭവം;മൂന്നംഗ സംഘത്തിനായി തെരച്ചില്‍ ശക്തമാക്കി

keralanews search continues for three who attacked man came to take cash from atm

പയ്യന്നൂര്‍: എടിഎമ്മില്‍ നിന്നും പണമെടുക്കാനെത്തിയ വയോധികനെ മര്‍ദിച്ചു കൊള്ളയടിച്ചു കടന്നു കളഞ്ഞ സംഘത്തിനെ തേടി പൊലീസ് അന്വേഷണം ശക്തമാക്കി.പയ്യന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പയ്യന്നൂര്‍ എല്‍ഐസി ജംഗ്ഷന് സമീപത്തെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ വയോധികനെ മര്‍ദിച്ചവശനാക്കി പണം കവരുകയും മൊബൈല്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ നിന്നും വിരമിച്ച കൊക്കാനിശേരി മഠത്തുംപടിയിലെ കോളിയാട്ട് കമ്മാരന്റെ (76) പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വൈശാഖ് ബാറിന് എതിര്‍വശത്തുള്ള എടിഎമ്മിലെത്തിയതായിരുന്നു വയോധികന്‍. എടിഎമ്മിന് മുന്നിലുണ്ടായിരുന്നവരോട് സംശയം തീര്‍ക്കാനായി എടിഎമ്മില്‍ പണമുണ്ടോ എന്ന് ചോദിച്ചതോടെയാണ് മര്‍ദനം തുടങ്ങിയത്.അടിച്ചും തള്ളിയും താഴെയിട്ട ശേഷവും മര്‍ദനം തുടരുന്നതിനിടയില്‍ വയോധികന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 2,000 രൂപ അക്രമിസംഘം കൈക്കലാക്കി. വയോധികന്റെ കൈയിലുണ്ടായിരുന്ന 18,000 രൂപ വിലവരുന്ന സ്മാര്‍ട്ട്ഫോണ്‍ എറിഞ്ഞ് തകര്‍ത്തതായും പരാതിയിലുണ്ട്. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വയോധികനില്‍നിന്ന് മൊഴിയെടുത്ത പോലീസ് എ.ടി.എമ്മിലെ നിരീക്ഷണ ക്യാമറ ദ്യശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Previous ArticleNext Article