Kerala, News

കണ്ണൂരിൽ പലയിടത്തും കടലാക്രമണം രൂക്ഷം

keralanews sea erosion is severe in kannur

കണ്ണൂർ: ഓഖി ചുഴലിക്കാറ്റിനോടനുബന്ധിച്ച് ജില്ലയിൽ ആഞ്ഞുവീശിയ കാറ്റിന് ശമനമുണ്ടെങ്കിലും കരയിലേക്ക് കടൽവെള്ളം അടിച്ചുകയറുന്നതും ശക്തമായ തിരകളടിക്കുന്നതും തുടരുകയാണ്. മുഴപ്പിലങ്ങാട്, നീർക്കടവ്, അഴീക്കോട്, പയ്യാമ്പലം മേഖലകളിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞു കടൽ കരയിലേക്ക് കയറിയിരുന്നെങ്കിലും അർധരാത്രിയോടെ പിൻവാങ്ങിയിരുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ സമാന പ്രതിഭാസം വീണ്ടുമുണ്ടായി. അഴീക്കൽ, നീർക്കടവ് മേഖലയിൽ കടൽ കരയിലേക്ക് ശക്തമായ വേലിയേറ്റത്തിനു സമാനമായ രീതിയിൽ ഇരച്ചുകയറുകയായിരുന്നു. ഇതോടെ ചിലർ വീടുപേക്ഷിച്ച് സുരക്ഷിത മേഖലയിലേക്കു മാറി.പയ്യാമ്പലത്ത് ശനിയാഴ്ച അഞ്ചു മീറ്ററോളമാണ് കടൽ കയറിയത്. രാത്രിയോടെ കടൽ പിൻവാങ്ങിയിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെ വീണ്ടും കടലേറ്റം തുടരുകയായിരുന്നു. ഇന്നലെ പതിനഞ്ച് മീറ്ററോളമാണ് കടൽ കരയിലേക്ക് ഇരച്ചുകയറിയത്.ഇതോടെ പയ്യാമ്പലം ബീച്ചിലേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞിരിക്കുകയാണ്. ഇത് കൂടാതെ ഇവിടെ പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.കടൽ പ്രക്ഷുബ്ദമായതിനെ തുടർന്ന് ആയിക്കര ഹാർബറിനകത്ത് തോണികൾ പരസ്പരം കെട്ടിയിട്ട കമ്പക്കയറുകൾ പൊട്ടി. ഇതേത്തുടർന്ന് തോണികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏതാനും യാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മത്സ്യത്തൊഴിലാളികൾ ജീവൻ പണയം വച്ച് ഹാർബറിൽ ഇറങ്ങി തോണികൾ വീണ്ടും കയർ ഉപയോഗിച്ചു കെട്ടി സുരക്ഷിതമാക്കുകയായിരുന്നു.

 

Previous ArticleNext Article