India, News

ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി ലോക്സഭയില്‍ കയ്യാങ്കളി;ബിജെപി എംപി ജസ്‌കൗര്‍ മീണ ശാരീരികമായി അക്രമിച്ചെന്ന് രമ്യ ഹരിദാസ് എം.പി

keralanews scuffles in Lok Sabha for Discussing Delhi Riots and Ramya Haridas MP claims BJP MP Jaskaur Meena physically assaulted her

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരങ്ങേറിയ കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി പാര്‍ലമെന്റില്‍ കയ്യാങ്കളി. പ്രതിഷേധ ബാനറുമായി സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ലോക്സഭയിലെ ബിജെപി വനിതാ എംപിമാര്‍ തടഞ്ഞു. ഭരണപക്ഷ നിരയിലേക്ക് അടുത്ത ഹൈബി ഈഡന്‍, ഗൗരവ് ഗോഗോയി എന്നിവരെ ഭരണപക്ഷ എം പി മാര്‍ പിടിച്ച്‌ തള്ളി.രമ്യ ഹരിദാസ് എം പിയെ ബിജെപി എംപി ശാരീരികമായി ആക്രമിച്ചെന്നും പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നും സ്പീക്കറോട് ചോദിച്ച്‌ രമ്യ ഹരിദാസ് പൊട്ടിക്കരഞ്ഞു.ബി.ജെ.പി എംപിയായ ജസ്‌കൗര്‍ മീണ അക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി രമ്യ ലോക്സഭാ സ്‌പീക്കർക്ക് പരാതി നൽകി. നാടകീയ സംഭവങ്ങളാണ് ലോക്സഭയിലുണ്ടായത്. ബിജെപി-കോണ്‍ഗ്രസ് എം.പിമാര്‍ തമ്മില്‍ സഭയില്‍ കയ്യാങ്കളിയുണ്ടായി. ഇരു വിഭാഗവും സ്‌പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രണ്ട് മണിവരെ നിര്‍ത്തി വച്ചു. രണ്ട് മണിക്ക് ശേഷം സഭാ നടപടികള്‍ ആരംഭിച്ചപ്പോഴും പ്രതിപക്ഷ നിര വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഇതിനിടക്ക് ബില്ല് അവതരിപ്പിക്കാന്‍ രാജ്യസഭയില്‍ ശ്രമം നടന്നെങ്കിലും ബഹളം കാരണം അവസാനിപ്പിക്കുകയായിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുയര്‍ത്തിയായിരുന്നു പ്രതിഷേധം. ബാനറുമായി സഭയുടെ നടുത്തളത്തിലുണ്ടായിരുന്ന ഗൗരവ് ഗോഗോയി ഹൈബി ഈഡന്‍ എന്നിവര്‍ ബിജെപി എംപി സംസാരിച്ച്‌ തുടങ്ങിയപ്പോള്‍ മുഖം മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിച്ച്‌ ഭരണനിരയ്ക്ക് അടുത്തെത്തിയതോടെയാണ് ഉന്തും തള്ളും ഉണ്ടായത്.ബിജെപി എംപിമാരെത്തി ഇരുവരെയും പിടിച്ച്‌ തള്ളി. അതോടെ ബഹളം സംഘര്‍ഷത്തിന് വഴിമാറി. ബെന്നി ബെഹന്നാന്‍ അടക്കം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ വരെ ഭരണ നിരയെ പ്രതിരോധിക്കാന്‍ ഇറങ്ങിയതോടെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവക്കുകയായിരുന്നു.

Previous ArticleNext Article