കണ്ണൂർ:കാലാവസ്ഥയിലെ മാറ്റങ്ങൾ മനുഷ്യജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചു പറയാനും പഠിപ്പിക്കാനുമായി സയൻസ് എക്സ്പ്രസ് ട്രെയിൻ എത്തി. കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളും വിക്രം സാരാഭായ് കമ്യൂണിറ്റി സയൻസ് സെന്ററും റെയിൽവേയും ചേർന്നു സജ്ജീകരിച്ച ശാസ്ത്രവണ്ടി ഇന്നും നാളെയും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകും. 11 കോച്ചുകളിലായി ഒരുക്കിയിരിക്കുന്ന ശാസ്ത്രകൗതുകങ്ങൾ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ കാണാം. പ്രവേശനം സൗജന്യം.മനുഷ്യന്റെ പ്രവൃത്തികൾ മൂലം കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങൾ മനുഷ്യജീവിതത്തിനു തന്നെ ഭീഷണിയായി മാറുന്നതെങ്ങനെയെന്നു സയൻസ് എക്സ്പ്രസിലെ ആദ്യ 11 കോച്ചുകളിലെ പ്രദർശനത്തിൽ വിവരിക്കുന്നു.കടലിന്റെയും മഴയുടെയും മണ്ണിന്റെയും സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ പ്രദർശനത്തിൽ കണ്ടറിയാം.ചിത്രങ്ങളും വിവരണങ്ങളും വിഡിയോ പ്രദർശനങ്ങളും മാതൃകകളും മാത്രമല്ല, പ്രദർശനത്തിലെ ഓരോ ഇനത്തെ കുറിച്ചും സന്ദർശകരോടു വിശദീകരിക്കാൻ സേവന സന്നദ്ധരായ മുപ്പതോളം യുവതീയുവാക്കളുമുണ്ട്.കുട്ടികൾക്കു മാത്രമായി ഒരുക്കിയ രണ്ടു കോച്ചുകളുമുണ്ട് സയൻസ് എക്സ്പ്രസിൽ. ‘കിഡ്സ് സോൺ’ എന്നു പേരുള്ള പന്ത്രണ്ടാമത്തെ കോച്ച് ചെറിയ കുട്ടികൾക്കുള്ളതാണ്. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണു പ്രവേശനം. ശാസ്ത്രവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട കളികളും ഗെയിമുകളുമാണു കിഡ്സ് സോണിൽ.ജോയ് ഓഫ് സയൻസ് എന്നു പേരുള്ള പതിമൂന്നാമത്തെ കോച്ച് ആറു മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഒരുക്കിയ ലാബ് ആണ്. കുട്ടികൾക്കു പരീക്ഷണങ്ങൾ നടത്താൻ അവസരമുണ്ട്. അധ്യാപകർക്കു പ്രത്യേക പരിശീലനത്തിനും അവിടെ സൗകര്യമുണ്ട്.
Kerala
സയൻസ് എക്സ്പ്രസ്സ് ട്രെയിൻ കണ്ണൂരിലെത്തി
Previous Articleജി.എസ്.ടി ക്ക് മൊബൈൽ ആപ്പ് പുറത്തിറക്കി