തിരുവനന്തപുരം:സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുൻപ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനുമാണ് തീരുമാനം.ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തും.വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യും. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കു പുറമെ വിദ്യാലയങ്ങള്‍ തുറക്കുമ്പോൾ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലും സ്വീകരിക്കും. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കുകയും ഇത് സ്‌കൂളുകളില്‍ കരുതുകയും വേണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.ഒക്ടോബർ നാല് മുതൽ കോളേജുകളിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കും. ഇതിനോടൊപ്പം തന്നെ പ്ലസ് വൺ പരീക്ഷകൾ നടത്തുന്നതിനുണ്ടായ തടസ്സങ്ങളും നീങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിലും സർക്കാർ തീരുമാനം.