India, News

സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവർത്തിക്കാം;മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

keralanews schools can be reopened from september 21 union ministry of health issues guidelines

ന്യൂഡൽഹി:സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകള്‍ തുറക്കാമെന്നാണ് നിര്‍ദേശം.ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് സ്‌കൂളുകള്‍ തുറക്കുന്നത്.ഫേസ് മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികള്‍ തമ്മില്‍ കുറഞ്ഞത് ആറ് മീറ്റര്‍ അകലം ഉണ്ടായിരിക്കണമെന്ന്  മാര്‍ഗനിര്‍ദേശകത്തില്‍ പറയുന്നു. ഒപ്പം ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കും.ആറടി ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, സ്റ്റാഫ് റൂമുകള്‍, ഓഫീസ് ഏരിയകള്‍, മെസ്, ലൈബ്രറി, കഫറ്റീരിയ എന്നിവയില്‍ തറയില്‍ മാര്‍ക്ക് ചെയ്യും. അകലം പാലിക്കാവുന്ന വിധത്തില്‍ ക്ലാസ് റൂമിലെ ഇരിപ്പിടങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്കൂള്‍ അസംബ്ലി, കായിക മത്സരങ്ങള്‍, കലോത്സവങ്ങള്‍ തുടങ്ങിയവയൊന്നും അനുവദിക്കില്ല. നോട്ട് ബുക്ക്, പേന, മറ്റ് പഠനോപകരണങ്ങള്‍ തുടങ്ങിയവ കൈമാറുന്നതും വിലക്കും. ട്വിറ്ററിലൂടെയാണ് മന്ത്രാലയം സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച്‌ അറിയിച്ചത്.സ്‌കൂളില്‍ പോകുന്നതുമായി ബന്ധപ്പെട്ട് അദ്ധ്യാപകരുടെ അഭിപ്രായം കൂടി പരിഗണിച്ച്‌ കുട്ടികള്‍ക്ക് സ്വമേധയാ തീരുമാനം എടുക്കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഓണ്‍ലൈന്‍, വിദൂര പഠനം തുടര്‍ന്നും നടക്കുമെന്നും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നു.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും കോവിഡ് രോഗ പ്രതിരോധ മാര്‍ഗങ്ങളുമായി കൃത്യമായി സഹകരിക്കേണ്ടതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സ്‌കൂളുകളിലെ അദ്ധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സമയവും പാലിക്കേണ്ടതാണെന്നും കേന്ദ്രം അറിയിപ്പില്‍ വ്യക്തമാക്കുന്നു.രാജ്യത്ത് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചിലാണ് സ്കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

Previous ArticleNext Article