തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ സിലബസ് വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന. കുട്ടികള്‍ക്ക് അധ്യയന വര്‍ഷം നഷ്ടമാകാത്ത വിധത്തില്‍ പത്താം ക്ലാസ് വരെയുള്ള സിലബസുകള്‍ വെട്ടി കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതും പരീക്ഷകള്‍, പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഘടനാമാറ്റം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളും ആലോചിക്കാന്‍ കരിക്കുലം കമ്മിറ്റിയുടെ വിഡിയോ യോഗം 8ന് ചേരും.വിദ്യാര്‍ത്ഥികള്‍ക്ക് അധ്യയനവര്‍ഷം നഷ്ടമാകാതെയുള്ള നടപടികള്‍ക്കായിരിക്കും പ്രധാന പരിഗണന. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് ഉള്‍പ്പെടെ ദേശീയതലത്തിലുള്ള പരീക്ഷകളുള്ളതിനാല്‍ കേന്ദ്രനിര്‍ദ്ദേശങ്ങള്‍ പ്രകാരം തീരുമാനമെടുക്കും.എന്‍സിഇആര്‍ടി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീരുമാനം. ഇക്കാര്യങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് തയാറാക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാനും ആലോചനയുണ്ട്.അതേസമയം സി ബി എസ് ഇയുടെ 9 മുതല്‍ 12 വരെ ക്ലാസുകളിലെ സിലബസ് 30% കുറയ്ക്കാന്‍ നയപരമായ തീരുമാനമെടുത്തതായി ഡയറക്ടര്‍ (അക്കാദമിക്) ജോസഫ് ഇമ്മാനുവല്‍ അറിയിച്ചു. ഒന്നു മുതല്‍ 8 വരെ ക്ലാസുകളില്‍ എന്‍സിഇആര്‍ടി നേരത്തേ പ്രഖ്യാപിച്ച സിലബസ് ഇളവു പ്രകാരമായിരിക്കും ക്ലാസുകള്‍. പാഠ്യഭാഗങ്ങള്‍ കുറച്ച്, ആശയങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്ന രീതിയിലാകും ഇത്. 2021ലെ പരീക്ഷ സാധാരണ പോലെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.അടുത്ത വര്‍ഷത്തെ ഐസിഎസ്‌ഇ (10), ഐഎസ്സി (12) പരീക്ഷകള്‍ക്കുള്ള പാഠഭാഗങ്ങള്‍ 25% കുറയ്ക്കുമെന്നു കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്‌സിഇ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.