തിരുവനന്തപുരം :സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ അഞ്ചോടെ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത, വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതില്‍ സ്‌കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കും.സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിട്ടുണ്ട്.സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപക- വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗവും കളക്ടര്‍മാരുടെ യോഗവും ചേരും.കെഎസ്‌ആര്‍ടിസിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല സ്‌കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ ഒരു സീറ്റില്‍ ഒരു കുട്ടി എന്ന കണക്കിനാകും യാത്രാ സൗകര്യം ഒരുക്കേണ്ടത്. അതിനാല്‍ സ്‌കൂള്‍ ബസുകള്‍ മാത്രം പോരാത്ത സാഹചര്യവും ഉണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് സ്‌കൂളുകള്‍ കെ എസ് ആര്‍ ടി സിയുടെ സഹായവും തേടിയിട്ടുള്ളത്. നിലവില്‍ ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെ രണ്ട് വിഭാഗമായി തിരിച്ച് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ ക്ലാസ് നടത്താനാണ് തീരുമാനം. സമാന്തരമായി ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസും തുടരും. അതുകൊണ്ടുതന്നെ സ്‌കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും. അക്കാദമിക് കാര്യങ്ങളില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചന നടത്തി മാര്‍ഗ്ഗരേഖ തയ്യാറാക്കും.