Kerala, News

സ്കൂൾ തുറക്കൽ;കുട്ടികൾക്ക് സ്കൂളിലെത്താൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധം;ബാച്ചുകളാക്കി തിരിച്ച്‌ ക്ലാസുകള്‍ ക്രമീകരിക്കണമെന്ന് മാര്‍ഗരേഖ

keralanews school opening parental consent required for children to attend school guidelines for arranging classes in batches

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോൾ കുട്ടികളെ ബാച്ചുകളാക്കി തിരിച്ച്‌ ക്ലാസുകള്‍ ക്രമീകരിക്കണമെന്ന് മാര്‍ഗരേഖ. ആദ്യ ബാച്ചിനു തിങ്കള്‍ മുതല്‍ ബുധന്‍ വരെയും രണ്ടാമത്തെ ബാച്ചിനു വ്യാഴം മുതല്‍ ശനി വരെയുമായിരിക്കും ക്ലാസുകള്‍. ഇരു ബാച്ചുകളിലെയും കുട്ടികളെ തമ്മില്‍ ഇടപഴകാന്‍ അനുവദിക്കില്ല. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന രീതിയില്‍ ബയോബബിള്‍ സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്നും മാര്‍ഗരേഖയിൽ നിര്‍ദേശമുണ്ട്. 1 മുതൽ 7 വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബര്‍ ഒന്നിനു തുറക്കുക. 8, 9 ക്ലാസുകള്‍ നവംബര്‍ 15 മുതലാണ് ആരംഭിക്കുക. ആഴ്ചയില്‍ ആറുദിവസം ക്ലാസ്സുകളുണ്ടാകും. പൊതു അവധിയില്ലാത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമാകും ക്ലാസ്സുകള്‍ ഉണ്ടാകുക. കുട്ടികള്‍ക്കു സ്കൂളുകളിലെത്താന്‍ രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമാണ്.ഒരു ക്ലാസിനെ രണ്ടായി വിഭജിക്കണം. ക്ലാസിലെ പകുതി പേരെ ഒരുസമയം പ്രവേശിപ്പിക്കാം. ഒരു പ്രദേശത്തു നിന്നു വരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചില്‍ ഉള്‍പ്പെടുത്തണമെന്നും ആയിരത്തിലേറെ കുട്ടികളുള്ള സ്കൂളുകളില്‍ ആകെ കുട്ടികളുടെ 25% മാത്രം ഒരു സമയത്ത് സ്കൂളില്‍ വരുന്ന രീതിയില്‍ വേണം ക്രമീകരണമെന്നും മാർഗ്ഗരേഖയിൽ പറയുന്നു. ഓരോ ബാച്ചും തുടര്‍ച്ചയായി മൂന്ന് ദിവസം (കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ രണ്ട് ദിവസം) സ്കൂളില്‍ വരണം.കുട്ടികള്‍ക്കു കോവിഡ് ബാധിച്ചാല്‍ ബയോ ബബ്ളില്‍ ഉള്ളവരെല്ലാം ക്വാറന്റെെനില്‍ പോകണം. മുന്നൊരുക്കങ്ങള്‍ക്കായി എല്ലാ അധ്യാപകരും തിങ്കളാഴ്ച മുതല്‍ സ്കൂളുകളിലെത്തണം.

Previous ArticleNext Article