ചെന്നൈ : സർക്കാർ രൂപീകരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അണ്ണാ ഡി എം കെ ജെനെറൽ സെക്രട്ടറി വി കെ ശശികല ഉപവാസത്തിലേക്കെന്നു സൂചന. രാജ് ഭവന് മുന്നിലോ മറീന ബീച്ചിലെ ജയാ സ്മാരകത്തിന് മുന്നിലോ തന്നെ പിന്തുണയ്ക്കുന്ന എം ൽ എ മാർക്കൊപ്പം അവർ ഉപവാസമിരിക്കുമെന്നാണ് സൂചന. അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ചെന്നൈയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്ഭവൻ മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. ശശികല എം ൽ എ മാർക്കൊപ്പം രാജ്ഭവനിലേക്കു പ്രകടനമായി എത്താനുള്ള സാധ്യതയും കൂടി കണക്കിലെടുത്താണിത്.
അതേസമയം ഓരോ ദിവസം പിന്നിടുമ്പോളും രാഷ്‌ടീയമായി കൂടുതൽ കരുത്താർജിക്കുന്ന പനീർസെൽവത്തിനു പിന്തുണയുമായി ബി ജെ പിയും രംഗത്തെത്തി വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാൻ പനീർസെൽവത്തിനു അവസരം നൽകണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.
കൊഴിഞ്ഞുപോക്ക് രൂക്ഷമായതോടെ തന്റെ പക്ഷത്തെ എം എൽ എമാരെ പാർപ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ റിസോർട്ടിൽ ശശികല നേരിട്ടെത്തി അവരുമായി ചർച്ച നടത്തി. പിന്തുണ തുടരുമെന്ന് സാമാജികർ പ്രതിജ്ഞ എടുത്തു. “ക്ഷമയ്ക്കും പരിധി ഉണ്ട്. ഒരു ഘട്ടം വരെ കാത്തിരിക്കും. അത് കഴിഞ്ഞാൽ ചെയേണ്ടത് ചെയ്‌തും. ശശികല പറഞ്ഞു. ഗവർണറുടെ മറുപടിക്കായി ഇന്നുവരെ കാത്തിരിക്കാനാണ് തീരുമാനം.
അതേസമയം ശശികലയെ മുഖ്യമന്തിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കുന്നത് സംബന്ധിച്ച് ഗവർണർ ഇന്നലെയും നിലപാട് പരസ്യമാക്കിയിട്ടില്ല. ഇതിനിടെ ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ശശികലയോട് അനുഭവമുള്ളയാളാണ് സുബ്രഹ്മണ്യ സ്വാമി. പനീർസെൽവമാകട്ടെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കി. പി ആർ സുന്ദരം, കെ അശോക് കുമാർ, വി സത്യഭാമ എന്നിവരാണ് പനീർസെൽവം പക്ഷത്തെത്തിയ എം പി മാർ.