ബംഗളൂരു : അനധികൃത സ്വത്തു സന്പാദന കേസിൽ കീഴടങ്ങിയ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്ക് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ലഭിച്ചത് സാധാരണ സെൽ. വനിതകൾക്കുള്ള ബ്ലോക്കിലെ സെല്ലണ് ശശികലയ്ക്ക് നൽകിയത്. നേരത്തെ സെല്ലിൽ ഉണ്ടായിരുന്ന രണ്ടു തടവുകാർക്കൊപ്പമാണ് ചിന്നമ്മയേയും പാർപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് ശശികല കോടതിയിലെത്തി കീഴടങ്ങിയത്. ജയിലിൽ പ്രത്യേക സൗകര്യം ഒരുക്കണമെന്ന് കീഴടങ്ങുന്പോൾ ശശികല കോടതിയോട് ആവശ്യപ്പെട്ടു.
എക്ലാസ് സെൽ ജയിലിൽ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പ്രമേഹമുള്ളതിനാല്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും മിനറല്‍ വാട്ടറും ഒപ്പം സഹായിയും ജയിലില്‍ വേണമെന്നും ആവശ്യപ്പെട്ടു. കൂടാതെ യൂറോപ്യന്‍ ക്ലോസറ്റുള്ള ശൗചാലയ സൗകര്യവും അവര്‍ ആവശ്യപ്പെട്ടു. ധ്യാനിക്കാൻ സെല്ലിൽ സൗകര്യം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. 24 മണിക്കൂറും ചൂടുവെള്ള സൗകര്യം വേണം.പ്രത്യേക കിടക്കയും ടിവിയും ഉള്ള സൗകര്യങ്ങളോടു കൂടിയ മുറിയാണ് ജയിലില്‍ ശശികലയെ കാത്തിരിക്കുന്നതെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നത്. ശശികലയുടെ ആവശ്യങ്ങൾ കോടതി ജയിൽ അധികൃതർക്ക് കൈമാറി.