India, News

കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ഉടമ പി. രാജഗോപാല്‍ അന്തരിച്ചു

keralanews saravanabhavan hotel owner p rajagopal passed away

ചെന്നൈ:കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ഉടമ പി. രാജഗോപാല്‍ അന്തരിച്ചു.ജയിലിൽ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തന്റെ ഹോട്ടലിലെ ജീവനക്കാരന്റെ മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് രാജഗോപാലിനെ കോടതി ശിക്ഷിച്ചത്.കേസില്‍ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഏതാനും ദിവസംമുൻപാണ് രാജഗോപാല്‍ കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങല്‍ നീട്ടിക്കൊണ്ടുപോയ രാജഗോപാലിന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. ആംബുലന്‍സിലെത്തി കീഴടങ്ങിയ രാജഗോപാലിനെ പുഴല്‍ ജയിലില്‍ എത്തിച്ചെങ്കിലും അസുഖം കൂടിയതിനെത്തുടര്‍ന്ന് സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശനിയാഴ്ച രാത്രി ഹൃദയാഘാതമുണ്ടാവുകയുമായിരുന്നു. മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ഇദ്ദേഹത്തെ മികച്ച ചികിത്സയ്ക്കായി സ്വകാര്യാശുപത്രിയിലേക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച അനുമതി നല്‍കിയിരുന്നു.ശരവണഭവൻ ഹോട്ടലിലെ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയുടെ ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് രാജഗോപാലിനെതിരേയുള്ള കേസ്. രണ്ടു ഭാര്യമാരുള്ള രാജഗോപാലിന്റെ മൂന്നാംഭാര്യയാകാന്‍ വിസമ്മതിച്ച ജീവജ്യോതി 1999-ല്‍ പ്രിന്‍സ് ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാല്‍ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തി.ഇതേ തുടർന്ന് 2001-ല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കി.രണ്ടുദിവസത്തിനുള്ളില്‍ പ്രിൻസ് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.കൊടൈക്കനാലിലെ വനപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Previous ArticleNext Article