കണ്ണൂർ:സന്തോഷ് ട്രോഫി നേടിയ കേരള ടീമംഗം മിഥുന് കണ്ണൂരിൽ ഉജ്വല സ്വീകരണം നൽകി. സന്തോഷ് ട്രോഫി മത്സരത്തിന് ശേഷം ചൊവ്വാഴ്ചയാണ് കേരളാ ടീം ഗോൾ കീപ്പർ മിഥുൻ സ്വന്തം നാടായ കണ്ണൂരിൽ തിരിച്ചെത്തിയത്.രാവിലെ എട്ടുമണിയോട് കൂടി മംഗളൂരു എക്സ്പ്രെസ്സിൽ കണ്ണൂരിലെത്തിയ മിഥുനെ കാത്ത് സ്റ്റേഷൻ പ്ലാറ്റ്‌ഫോം നിറയെ ആളുകൾ തടിച്ചുകൂടിയിരുന്നു. തീവണ്ടിയിൽ നിന്നും പുറത്തിറങ്ങിയ മിഥുനെ മാലയും പൂച്ചെണ്ടും നൽകി അധികൃതർ സ്വീകരിച്ചു. കൂടെ ചെണ്ടമേളത്തിന്റെ അകമ്പടിയും ഉണ്ടായിരുന്നു.മകനെ സ്വീകരിക്കുന്നതിനായി മിഥുന്റെ അച്ഛനും കേരള പൊലീസിലെ മികച്ച ഗോൾ കീപ്പറുമായ വി.മുരളിയും സ്റ്റേഷനിലെത്തിയിരുന്നു. മേയർ ഇ.പി ലത,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഓ.കെ വിനീഷ്,സെക്രെട്ടറി രാജേന്ദ്രൻ നായർ,ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സി.വി സുനിൽ,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശോഭ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത് മാട്ടൂൽ,പി.പി ഷാജർ എന്നിവരും മിഥുന്റെ നാട്ടുകാരും സുഹൃത്തുക്കളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.റെയിൽവേ സ്റ്റേഷനിലെ സ്വീകരണത്തിന് ശേഷം മിഥുൻ നേരെ പോയത് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലെ മിഥുൻ കളിപഠിച്ചു തുടങ്ങിയ സ്പോർട്ടിങ് ബഡ്‌സ് കോച്ചിങ് സെന്ററിന്റെ ഫുട്ബോൾ പരിശീല ക്യാമ്പിലേക്കായിരുന്നു. ഇവിടെ അവധിക്കാല പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്തും കുശലാന്വേഷണം നടത്തിയും കുട്ടികൾക്ക് ആത്മവിശ്വാസവും ആവേശവും നൽകിയാണ് മിഥുൻ മടങ്ങിയത്.
Kerala, News
സന്തോഷ് ട്രോഫി നേടിയ കേരള ടീമംഗം മിഥുന് സ്വീകരണം നൽകി
Previous Articleവടകര മോർഫിംഗ് കേസ്;മുഖ്യപ്രതി പിടിയിൽ