India, News

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് ജാമ്യം

keralanews salman khan gets bail in blackbuck poaching case

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം.50000 രൂപയുടെ ബോണ്ടിലാണ് അദ്ദേഹത്തിന് ജാമ്യം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.കേസിൽ ശിക്ഷിക്കപ്പെട്ട സൽമാൻ ഖാൻ രണ്ടുദിവസമായി ജയിലിൽ കഴിയുകയായിരുന്നു. ജാമ്യാപേക്ഷയിന്മേലുള്ള വാദത്തിനിടെ  ഇരുപക്ഷത്തെയും അഭിഭാഷകര്‍ പരസ്പരം വാദിച്ചതോടെ കോടതി വിധി പറയുന്നത് ഉച്ചയ്ക്ക് ശേഷമേ ഉണ്ടാവുകയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. ജാമ്യം നല്‍കുന്നതിന് മുൻപ് കേസില്‍ കൃത്യമായ നിരീക്ഷണം നടത്തേണ്ടതുണ്ടെന്ന് ജഡ്ജി ജോഷി വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് ഉച്ചയ്ക്ക് ശേഷം വിധിപറയാന്‍ മാറ്റിയത്.1998ല്‍ ഹം സാത്ത് സാത്ത് ഹെയുടെ ഷൂട്ടിംഗ് സൈറ്റില്‍ വച്ച്‌ സെയ്ഫ് അലിഖാന്‍, തബു, നീലം, സൊനാലി ബേന്ദ്രെ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് സല്‍മാനെതിരെയുള്ള കേസ്. നേരത്തെ ഈ കേസില്‍ അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി സല്‍മാന് വിധിച്ചിരുന്നു. 50000 രൂപയുടെ ബോണ്ട് കെട്ടിവച്ചതോടെ സല്‍മാന്‍ ശനിയാഴ്ച്ച തന്നെ പുറത്തിറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. വൈകീട്ട് ആറുമണിയോടെ സല്‍മാന്‍ പുറത്തിറങ്ങുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അതിനിടയില്‍ ജയിലിലെ നടപടികളെല്ലാം അദ്ദേഹം പൂര്‍ത്തിയാക്കും.സല്‍മാനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ കോടതിയിലെത്തിയിട്ടുണ്ട്.അതിനിടെ ശിക്ഷ വിധിച്ച ജഡ്ജിയെ അടക്കം സ്ഥലം മാറ്റി ഉത്തരവിറങ്ങിയെങ്കിലും അത് ജാമ്യാപേക്ഷയെ ബാധിച്ചില്ല.കേസിലെ ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് സല്‍മാന്‍ ഖാന് ജയിലില്‍ കൂടുതല്‍ ദിവസങ്ങള്‍ ചെലവിടേണ്ടി വരുമെന്ന അഭ്യൂഹത്തിലായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കള്‍. ഇതിനൊപ്പം ജഡ്ജി കേസിന്റെ വിധി പറയാന്‍ ഉച്ചത്തേക്ക് മാറ്റിയത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. സല്‍മാന്റെ ജാമ്യഹര്‍ജി തള്ളുമെന്ന അഭ്യൂഹം വരെയുണ്ടായിരുന്നു. എന്നാല്‍ വെറും 50000 രൂപയുടെ ബോണ്ടില്‍ കോടതി ജാമ്യം അനുവദിച്ചതോടെ വലിയ ആശ്വാസമാണ് സല്‍മാനെ തേടിയെത്തിയത്.

Previous ArticleNext Article