തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നു കാട്ടി പോലീസ് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച 51 പേരുടെ പട്ടികയില്‍ യുവതികളായുള്ളത് 17 പേര്‍ മാത്രം.പട്ടികയില്‍ നിന്നും 34 പേരെ ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ളു ഉന്നതതല സമിതി ശിപാര്‍ശ ചെയ്തു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ നാല് പുരുഷന്മാരും, 50 വയസിന് മുകളില്‍ പ്രായമുള്ള 30 പേരും ഉള്‍പ്പെട്ടിരുന്നുവെന്നാണ് ഉന്നതതല സമിതി കണ്ടെത്തിയത്.വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 51 യുവതികൾ മലകയറിയെന്ന് കാട്ടിയാണ് സർക്കാർ പട്ടിക സമർപ്പിച്ചത്. ഇവരുടെ ആധാർ നമ്പറും ഫോൺ നമ്പരും ഇതിലുണ്ടായിരുന്നു. മാധ്യമങ്ങൾ വിളിച്ചന്വേഷിപ്പിച്ചപ്പോൾ പലരും 50 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെന്ന് കണ്ടെത്തുകയായിരുന്നു. പട്ടിക കോടതിയില്‍ നല്‍കുന്നതിലുണ്ടായ തിടുക്കവും, കാര്യക്ഷമതയില്ലായ്മയുമാണ് അബദ്ധത്തിലേക്ക് നയിച്ചതെന്നാണ് സമിതി വിലയിരുത്തിയത്.